Currency

102 ഭാഷകളിലെ ഗാനങ്ങള്‍ ഒരുമിച്ചു പാടി മലയാളി പെണ്‍കുട്ടി ലോകറെക്കോര്‍ഡ് സ്വന്തമാക്കി

സ്വന്തം ലേഖകന്‍Sunday, January 28, 2018 1:48 pm

ദുബായ്: ഇന്ത്യക്കാര്‍ക്ക് അഭിമാന നിമിഷമായി പാട്ട് പാടി മലയാളി വിദ്യാര്‍ഥിനി സുചേത ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ചു. 102 ലോക ഭാഷകളിലെ ഗാനങ്ങള്‍ ആലപിച്ചാണ് 12വയസുകാരി അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ തടിച്ചുകൂടിയവര്‍ക്കു മുന്‍പിലായിരുന്നു പ്രകടനം.

മലയാളം ഉള്‍പ്പെടെ 26 ഇന്ത്യന്‍ ഭാഷകളിലും 76 മറ്റു ഭാഷകളിലുമായിട്ടായിരുന്നു സംഗീതയാത്ര. ഫെയ്സ്ബുക്കില്‍ തത്സമയം സംപ്രേഷണം ചെയ്ത പരിപാടി അമേരിക്കയിലെ വേള്‍ഡ് റെക്കോഡ് അക്കാദമിയുടെ പ്രതിനിധികള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. അറബിക്, ജാപ്പനീസ്, തഗലോഗ്, ഫ്രഞ്ച്, മലായ്, നേപ്പാളീസ്, ഫിന്നിഷ്, പോളിഷ്, ഉസ്ബെക്, മാന്‍ഡറിന്‍, തമിഴ്, കന്നഡ, ഹിന്ദി, ഗുജറാത്തി, മറാത്തി, ബംഗാളി, അസമീസ്, കൊങ്കിണി, പഞ്ചാബി തുടങ്ങിയ ഭാഷകളിലെ പാട്ടുകള്‍ ഉച്ചാരണ ശുദ്ധിയോടെയാണ് സുചേത ആലപിച്ചത്.

തിരഞ്ഞെടുത്ത 102 പാട്ടുകളുടെ വിശദവിവരങ്ങള്‍ നേരത്തേതന്നെ വേള്‍ഡ് റെക്കോഡ് അക്കാദമിക് സമര്‍പ്പിച്ചിരുന്നു. വൈകിട്ട് നാലോടെ ആരംഭിച്ച യജ്ഞം പത്തരയോടെ റെക്കോഡ് പിറന്നു. ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ സുചേത യു-ട്യൂബില്‍ നിന്നാണ് ലോകസംഗീതം അടുത്തറിഞ്ഞത്. പുതിയ ഭാഷയിലെ പാട്ടുകള്‍ നിരന്തരം പഠിച്ചു കൊണ്ടിരിക്കുന്നു. കണ്ണൂര്‍ എളയാവൂര്‍ സ്വദേശി ഡോ. സതീഷ്, സുമിതാ സതീഷ് ദമ്പതികളുടെ മകളാണ്. നാലുവയസ്സ് മുതല്‍ സുചേത സംഗീതപരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ ഹിന്ദുസ്ഥാനി സംഗീത വിദ്യാര്‍ഥിനിയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x