
ഷാര്‍ജ: യുഎഇയില്‍ 14ാം വയസില്‍ വിമാനം പറത്തി റെക്കോര്‍ഡ് നേട്ടവുമായി താരമായിരിക്കുകയാണ് ഇന്ത്യന്‍ ബാലന്‍. ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിയായ മന്‍സൂര്‍ അനിസാണ് ഈ നേട്ടം കൈവരിച്ചത്. ദുബായില്‍ സിംഗിള്‍ എഞ്ചിന്‍ വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റാണ് മന്‍സൂര്‍. കനേഡിയന്‍ ഏവിയേഷന്‍ അക്കാദമിയുടെ സര്‍ട്ടിഫിക്കറ്റാണ് അന്‍സൂര്‍ നേടിയത്. പത്ത് മിനുട്ട് നേരമാണ് മന്‍സൂര്‍ ഒറ്റയ്ക്ക് സിംഗിള്‍ എഞ്ചിന്‍ വിമാനം പറത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
സെസ്‌ന 152 മോഡലിലുള്ള വിമാനമാണ് ഇതിനായി ഉപയോഗിച്ചത്. സ്റ്റുഡന്റ് പൈലറ്റ് പെര്‍മിറ്റുള്ള മന്‍സൂര്‍ ഇതോടൊപ്പം കനേഡിയയുടെ റേഡിയോ കമ്യൂണിക്കേഷന്‍ ടെസ്റ്റും പാസായിട്ടുണ്ട്. 25 മണിക്കൂര്‍ മാത്രമെടുത്തുള്ള പരിശീലനത്തിന് ശേഷം വിമാനം പറത്തിയ മന്‍സൂര്‍ ഏറ്റവും കുറച്ച് സമയത്തെ പരിശീലനത്തില്‍ വിമാനം വിജയകരമായി പറത്തിയ പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡും താന്‍ സ്വന്തമാക്കിയതായും അവകാശപ്പെട്ടു.
കാനഡയിലെ നിയമമനുസരിച്ച് 14 വയസുമുതലുള്ളവര്‍ക്ക് വിമാനം പറത്തുന്നതിന് അനുമതിയുണ്ട്. ഇന്ത്യയില്‍ പതിനെട്ട് വയസാണ്. ഷാര്‍ജയില്‍ സിവില്‍ ഏജിനിയര്‍ ആയ അലി അസ്ഗര്‍ അനിസിന്റെയും അധ്യാപികയായ മുനീറയുടെയും മകനാണ് മന്‍സൂര്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.