Currency

വര്‍ണക്കാഴ്ചകളൊരുക്കി 14ാമത് ‘ചിത്രസന്തെ’

സ്വന്തം ലേഖകന്‍Tuesday, January 17, 2017 3:04 pm

കര്‍ണാടക ചിത്രകലാപരിഷത്തിലും കുമാരകൃപ റോഡിലുമായി നടന്ന ചിത്രസന്തെയില്‍ മലയാളികളുള്‍പ്പെടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള 1200 ചിത്രകാരന്‍മാര്‍ പങ്കെടുത്തു.

ബംഗളൂരു: വര്‍ണക്കാഴ്ചകളൊരുക്കിയ 14ാമത് ‘ചിത്രസന്തെ’ ആസ്വാദകരുടെ മനംകവര്‍ന്നു. കര്‍ണാടക ചിത്രകലാപരിഷത്തിലും കുമാരകൃപ റോഡിലുമായി നടന്ന ചിത്രസന്തെയില്‍ മലയാളികളുള്‍പ്പെടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള 1200 ചിത്രകാരന്‍മാര്‍ പങ്കെടുത്തു. കര്‍ണാടക ചിത്രകലാപരിഷത്തിന് സമീപപ്രദേശങ്ങള്‍ മുഴുവന്‍ നിറങ്ങളുടെ ഉത്സവം തീര്‍ക്കുകയായിരുന്നു ചിത്രകാരന്‍മാര്‍. ആയിരക്കണക്കിന് ചിത്രപ്രേമികളാണ് 14ാമത് ചിത്രസന്തെ ആസ്വദിക്കാനെത്തിയത്.

കുമാരകൃപറോഡ് മുഴുവന്‍ ചിത്രങ്ങള്‍കൊണ്ട് നിറഞ്ഞിരുന്നു. ഈവഴിയുള്ള വാഹനഗതാഗതം തടഞ്ഞിട്ടായിരുന്നു ചിത്രപ്രദര്‍ശനം നടത്തിയത്. ചിത്രങ്ങള്‍ ആസ്വദിക്കാനും സ്വന്തമാക്കാനും എത്തിയവരെക്കൊണ്ട് ഓരോ സ്റ്റാളിനുമുന്‍വശവും നിറഞ്ഞിരുന്നു. ചിത്രങ്ങളോടൊപ്പം മറ്റു കലാരൂപങ്ങളും ഇന്‍സ്റ്റലേഷനുകളും റോഡിനിരുവശങ്ങളിലും ഇടംനേടിയിരുന്നു. ഇതോടൊപ്പംതന്നെ സ്വന്തം ചിത്രം തത്സമയം വരച്ചുവാങ്ങാനുള്ള സൗകര്യവുമുണ്ടായിരുന്നു.

രാജ്യത്തെ ചിത്രകലാകാരന്‍മാര്‍ ഒരുമിച്ചുചേര്‍ന്ന് അവരുടെ ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്ന പരിപാടിയാണ് ‘ചിത്രസന്തെ’. ചിത്രകാരന്‍മാര്‍ക്ക് ഒരുമിച്ച് പ്രദര്‍ശങ്ങള്‍ നടത്താന്‍ ലഭിക്കുന്ന അവസരങ്ങള്‍ വിരളമാണ്. ഇതിനാല്‍ ചിത്രസന്തെയില്‍ ചിത്രകാരന്‍മാര്‍ കൂട്ടത്തോടെ പ്രദര്‍ശത്തിനെത്താറുണ്ട്. ഉദ്യാനനഗരിയില്‍ അരങ്ങേറിയ ചിത്രസന്തെയില്‍ മലയാളി കലാകാരന്‍മാരും നിരവധിയായിരുന്നു. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും പ്രദര്‍ശനം നടത്തി ശ്രദ്ധിക്കപ്പെട്ടവരായിരുന്നു ഏറെയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x