Currency

അനധികൃത ടാക്സി സർവീസ്: നാല് മാസത്തിനിടെ പിടിയിലായത് 186 ഡ്രൈവർമാർ

സ്വന്തം ലേഖകൻSaturday, July 29, 2017 11:53 am

മനാമ: ബഹ്റൈനിൽ അനധികൃത ടാക്സി സർവീസുകൾ നടത്തിയതിന് കഴിഞ്ഞ നാല് മാസത്തിനിടെ പിടിയിലായത് 186 ഡ്രൈവർമാർ.  ലൈസൻസ് ഇല്ലാതെ തങ്ങളുടെ സ്വകാര്യ കാറുകൾ ടാക്സികളാക്കിയതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറസ്റ്റ് ചെയ്തവരുടെ കണക്കാണിത്. പിടിയിലായവർക്കെതിരെ നിയമപരമായ നടപടികൾ കൈക്കൊള്ളുമെന്ന് ഡെപ്യൂട്ടി ജനറൽ ഡയറക്ടർ ഓഫ് ട്രാഫിക് ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അലി ദറാജ് വ്യക്തമാക്കി.

പ്രവാസികളും പിടിയിലായവരിൽ ഉൾപ്പെടുന്നുണ്ട്. ഇവർ കുറ്റക്കാരെന്ന് തെളിഞ്ഞാൽ,  പിഴയും ജയിൽ ശിക്ഷയും നാടുകടത്തലും നേരിടേണ്ടിവരും. ഫെബ്രുവരി 22 മുതൽ ജൂൺ 30 വരെയുള്ള കാലയളവിലാണ് ഇവർ അറസ്റ്റിലായത്. കേസുകൾ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു. 

രജിസ്റ്റർ ചെയ്ത ബഹ്‌റൈനി ടാക്സി ഡ്രൈവർമാരുടെ ഉപജീവനത്തിന് ഹാനികരമാകുന്ന ഇത്തരം നിയമ ലംഘനങ്ങൾ കണ്ടെത്താൻ ഗതാഗത വകുപ്പ് പരിശോധനകൾ തുടരുകയാണെന്ന് ദറാജ് പറഞ്ഞു. അനധികൃത ടാക്സി ഡ്രൈവർമാരുമായി സഹകരിക്കരുതെന്ന് പൊതുജനങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ ഡയറക്ടർമാർ, അധികാരികൾ എന്നിവരുമായി സഹകരിച്ച് ഇതിനെതിരെ ബോധവൽക്കരണ പരിപാടികൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x