Currency

28ാമത് അല്‍ അമല്‍ ക്യാമ്പിന് തിങ്കളാഴ്ച തുടക്കം

സ്വന്തം ലേഖകന്‍Sunday, December 17, 2017 7:22 am

ഷാര്‍ജ: ശാരീരിക വ്യതിയാനങ്ങളുള്ള കുഞ്ഞുങ്ങള്‍ക്കായി 28ാമത് അമല്‍ ക്യാമ്പ് തിങ്കളാഴ്ച ആരംഭിക്കും. സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ രക്ഷകര്‍തൃത്വത്തില്‍ ഷാര്‍ജ ഇന്റര്‍നാഷനല്‍ സിറ്റി ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസാണ് ക്യാമ്പ് ഒരുക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമെ ജോര്‍ദാനില്‍ നിന്നും നേപ്പാളില്‍ നിന്നും ഇക്കുറി പ്രതിനിധികള്‍ എത്തുന്നുണ്ട്.

സമൂഹവുമായി കൂടുതല്‍ ഇടപെടലുകള്‍ ഒരുക്കാനും ഇഴുകിച്ചേര്‍ക്കാനും കൂടുതല്‍ കരുത്തു പകരാനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ക്യാമ്പ് പ്രമേയം ‘നമുക്ക് എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്’ എന്നതാണ്. ആദ്യ ദിവസം അല്‍ ഖസബയിലേക്കും രണ്ടാം ദിവസം ക്രീക്ക് പാര്‍ക്ക്, ദുബായ് ഡോള്‍ഫിനേറിയം, ദുബായ് പാര്‍ക്ക്‌സ് എന്നിവിടങ്ങളിലും സന്ദര്‍ശനങ്ങളുണ്ടാവും. മസറത്ത് സെന്ററിലും ഗേള്‍സ് സെന്ററിലും ശില്‍പശാലകളാണ് മൂന്നാം ദിവസം.

ഷാര്‍ജ കള്‍ച്ചറല്‍ സെന്ററിലെ കള്‍ച്ചറല്‍ പാലസില്‍ 23 വരെയാണ് ക്യാമ്പ്. 80 കുട്ടികള്‍ക്കായി 200 സന്നദ്ധ സേവകര്‍ എല്ലാവിധ പിന്തുണയും നല്‍കാന്‍ ക്യാമ്പിലുണ്ടാവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x