
ദുബായ്: യുഎഇയില്‍ മുങ്ങുന്ന കപ്പലില്‍ നിന്നു രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെ 41 നാവികരുടെ എസ്ഒഎസ് സന്ദേശം. തങ്ങളെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, സഹമന്ത്രി വി.കെ സിങ് എന്നിവര്‍ക്കാണു ജീവനക്കാര്‍ സന്ദേശമയച്ചിരിക്കുന്നത്. യുഎഇയിലെ നാലു മര്‍ച്ചന്റ് കപ്പലുകളില്‍ ജോലി ചെയ്യുന്ന നാവികരാണ് ദുരിതത്തിലായിരിക്കുന്നത്. ഇതില്‍ രണ്ടു കപ്പലുകളില്‍ വെള്ളം കയറി മുങ്ങുന്ന അവസ്ഥയിലാണ്. ഉടമസ്ഥന് ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് നാവികര്‍ ജീവന് പോലും അപകടത്തിലായ അവസ്ഥയിലെത്തിയിരിക്കുന്നത്.
എണ്ണ കൊണ്ടുപോകുന്ന കപ്പലുകളാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. കേരളം, ഡല്‍ഹി, മഹാരാഷ്ട്ര, ഒഡീഷ, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, തമിഴ്നാട്, ആന്ധ്ര, ജമ്മു, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് കപ്പലിലുള്ളത്. തന്റെ ഭര്‍ത്താവ് അപകടത്തിലാണെന്നും രക്ഷിക്കണമെന്നും 17 മാസം പ്രായമുള്ള കുഞ്ഞുണ്ടെന്നും കപ്പലിന്റെ ക്യാപ്റ്റന്‍ ജി. രാജേഷിന്റെ ഭാര്യ ജാനറ്റ് പറഞ്ഞു. നാവികരുടെ പാസ്പോര്‍ട്ട് ഉടമസ്ഥന്റെ കൈവശമാണെന്നും മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവുമില്ലെന്നും രാജേഷ് അറിയിച്ചു.

എല്ലാ കപ്പലുകളും അജ്മാനിലാണുള്ളത്. ചോറും പരിപ്പുകറിയും മാത്രം കഴിച്ചാണ് ഇവര്‍ ജീവിതം തള്ളിനീക്കുന്നത്. കുടിക്കാന്‍ മാത്രമുള്ള വെള്ളമേ അവശേഷിക്കുന്നുള്ളു. രണ്ടു കപ്പലുകളില്‍ ദ്വാരം വീണ് വെള്ളം കയറിക്കൊണ്ടിരിക്കുകയാണെന്നും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഡീസല്‍ തീരുകയും ചെയ്തുവെന്ന് നാവികനായ അനന്യ പ്രതാപ് സിംഗ് പറഞ്ഞു. മിക്കവര്‍ക്കും കഴിഞ്ഞ 15 മാസമായി ശമ്പളം പോലും ലഭിച്ചിട്ടില്ലെന്ന് മറ്റൊരു നാവികനായ രാഹുല്‍ സിംഗ് പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്തു.
ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുമായി ബന്ധപ്പെടാനാണ് റിയാദിലെ ഇന്ത്യന്‍ എംബസി ഇവരോട് നിര്‍ദേശിച്ചിരിക്കുന്നത്. നാവികര്‍ കപ്പലില്‍ കുടുങ്ങിയ വിഷയം സൗദിയിലെ ഇന്ത്യന്‍ എംബസി ശ്രദ്ധയില്‍പെടുത്തിയെന്നും അവരെ രക്ഷിക്കാനുള്ള ശ്രമം നടത്തുമെന്നും കേന്ദ്രമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.