ദുബായില്‍ സര്‍ക്കാര്‍മേഖലയില്‍ സേവനമനുഷ്ഠിക്കുന്നവർക്കു 90 ദിവസത്തെ പ്രസവാവധി അനുവദിക്കുന്ന ചട്ടം പ്രാബല്യത്തിൽ വന്നു.
ദുബായ്: ദുബായില്‍ സര്‍ക്കാര്‍മേഖലയില്‍ സേവനമനുഷ്ഠിക്കുന്നവർക്കു 90 ദിവസത്തെ പ്രസവാവധി അനുവദിക്കുന്ന ചട്ടം പ്രാബല്യത്തിൽ വന്നു. മാര്‍ച്ച് ഒന്നിന് മുന്‍കാലപ്രാബല്യത്തോടെയാണ് ഉത്തരവ് പ്രാബല്യത്തിൽ വന്നത്. ദുബായ് ഭരണാധികാരിയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
പ്രസവത്തിന് ഒരുമാസം മുമ്പോ, പ്രസവത്തോടെയോ 90 ദിവസത്തെ അവധി ആരംഭിക്കാം. തുടര്‍ന്ന്, വാര്‍ഷിക അവധിയോ ശമ്പളമില്ലാത്ത അവധിയോ ഉള്‍പ്പെടുത്തി പരമാവധി 30 ദിവസത്തേക്കുകൂടി നീട്ടാനും വ്യവസ്ഥയുണ്ട്. വൈകല്യങ്ങളോടെയാണ് കുഞ്ഞ് ജനിക്കുന്നതെങ്കില്‍ അമ്മയ്ക്ക് മൂന്നുവര്‍ഷംവരെ അവധിയെടുക്കാം.
24 ആഴ്ചയ്ക്കുമുമ്പായി ഗര്‍ഭസ്ഥശിശു മരണപ്പെടുകയാണെങ്കില്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്കി രോഗാവധി എടുക്കാം. 24 ആഴ്ചയ്ക്കുശേഷമാണ് ശിശു മരിക്കുന്നതെങ്കില്‍ രണ്ടുമാസത്തെ അവധിയെടുക്കാനും അനുമതിയുണ്ട്. അതേസമയം പ്രസവാവധിക്കാലത്ത് അടിസ്ഥാനശമ്പളം മാത്രമാണ് ലഭിക്കുക. വാരാന്ത്യ അവധികളും പൊതു അവധികളും ഇതില്‍ ഉള്‍പ്പെടുന്നതുമായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.