Currency

ബഹ്‌റൈന്‍ ഷോപ്പിങ് ഫെസ്റ്റിവെല്‍ ജനുവരി 19ന് മനാമയില്‍

സ്വന്തം ലേഖകന്‍Tuesday, December 27, 2016 12:01 pm

ഷോപ്പിങും വിനോദവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഷോപ്പ് ബഹ്‌റൈന്‍ എന്ന വ്യാപാരമേളയ്‌ക്കെത്തുന്നവരെ നിരവധി ആകര്‍ഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. രാജ്യത്തേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുവാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

മനാമ: മൂന്നാമത് ബഹ്‌റൈന്‍ ഷോപ്പിങ് ഫെസ്റ്റിവെലിന് ജനുവരി 19ന് മനാമയില്‍ തുടക്കം കുറിക്കും. ഷോപ്പിങും വിനോദവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഷോപ്പ് ബഹ്‌റൈന്‍ എന്ന വ്യാപാരമേളയ്‌ക്കെത്തുന്നവരെ നിരവധി ആകര്‍ഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. രാജ്യത്തേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുവാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളില്‍ ബഹ്‌റൈന്‍ ടൂറിസം ഓഫീസ് ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ മുബൈയിലാണ് ഓഫീസ് തുറന്നിരിക്കുന്നത്. ഇന്ത്യക്ക് പുറമെ ബ്രിട്ടന്‍, ചൈന, റഷ്യ, ഫ്രാന്‍സ്, ജര്‍മനി, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ടൂറിസം പ്രമോഷന്‍ ഓഫീസുകളെന്ന് ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി ചീഫ് എക്‌സിക്യുട്ടിവ് ശൈഖ് ഖാലിദ് ബിന്‍ ഹുമൂദ് ആല്‍ ഖലീഫ പറഞ്ഞു. ബഹ്‌റൈന്‍ സന്ദര്‍ശിക്കാനത്തെുന്നവര്‍ക്ക് ഈ ഓഫീസുകള്‍ പ്രത്യേക റേറ്റുകള്‍ നല്‍കും. സ്വയം ടിക്കറ്റും താമസസൗകര്യവും ഏര്‍പ്പാടാക്കുമ്പോള്‍ ചെലവുവരുന്നതിനേക്കാള്‍ 40 ശതമാനം കുറവ് വരെയുള്ള പാക്കേജ് തയ്യാറാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഷോപ്പിങ് ഫെസ്റ്റിവെലില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടക്കുക. ഫെബ്രുവരി 18 വരെ നീളുന്ന ഷോപ്പിങ് മഹോത്സവത്തിന് എത്തുന്നവരെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങളാണ്. ബഹ്‌റൈന്‍ ബേയുടെ മദ്ധ്യത്തിലായാണ് ഫെസ്റ്റിവെല്‍ സിറ്റി ഒരുക്കുകയെന്നും സംഘാടകര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x