Currency

ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പ്രവേശനനികുതി; ശബരിമല തീര്‍ഥാടനത്തെ ബാധിക്കുന്നു

സ്വന്തം ലേഖകന്‍Thursday, December 29, 2016 12:16 pm

കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ പിടികൂടി ഒറ്റത്തവണ നികുതി ചുമത്തിയ കര്‍ണാടകത്തിന്റെ നീക്കത്തിന് തിരിച്ചടിയായാണ് കേരളത്തിന്റെ നടപടിയെ വിലയിരുത്തുന്നത്. കഴിഞ്ഞ ജൂലായ് 18 മുതലാണ് കര്‍ണാടകത്തില്‍നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഒരുവര്‍ഷത്തെ നികുതി ചുമത്താന്‍ തുടങ്ങിയത്.

ബംഗളൂരു: കര്‍ണാടകത്തില്‍നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഒരുവര്‍ഷത്തേക്കുള്ള പ്രവേശനനികുതി ചുമത്തുന്നത് ശബരിമല തീര്‍ഥാടനത്തെ ബാധിച്ചതായി പരാതി. കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ പിടികൂടി ഒറ്റത്തവണ നികുതി ചുമത്തിയ കര്‍ണാടകത്തിന്റെ നീക്കത്തിന് തിരിച്ചടിയായാണ് കേരളത്തിന്റെ നടപടിയെ വിലയിരുത്തുന്നത്. കഴിഞ്ഞ ജൂലായ് 18 മുതലാണ് കര്‍ണാടകത്തില്‍നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഒരുവര്‍ഷത്തെ നികുതി ചുമത്താന്‍ തുടങ്ങിയത്. അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍തന്നെ വാഹനങ്ങള്‍ക്ക് നികുതി ചുമത്തും. എന്നാല്‍ ശബരിമല തീര്‍ഥാടനത്തിന് പോകുന്ന വാഹനങ്ങളില്‍നിന്ന് ഒരുവര്‍ഷത്തേക്ക് നികുതി ഈടാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കര്‍ണാടകത്തിന്റെ വാദം.

ശബരിമലതീര്‍ഥാടനം കണക്കിലെടുത്ത് ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഇളവ് നല്‍കാന്‍ കേരളസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജനതാദള്‍ (എസ്) നേതാവ് എച്ച്.ഡി. ദേവഗൗഡ ആവശ്യപ്പെട്ടു. ഇക്കാര്യം കേരളസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സംസ്ഥാനങ്ങള്‍ക്കും പ്രയോജനപ്പെടുന്നതരത്തില്‍ ധാരണയുണ്ടാക്കാനാണ് ഗതാഗതവകുപ്പ് നീക്കം നടത്തുന്നത്. ശബരിമല തീര്‍ഥാടനത്തിന് പോകുന്ന വാഹനങ്ങള്‍ക്ക് ഇളവ് അനുവദിക്കുന്നതിന് പകരം കര്‍ണാടകത്തിലേക്കുള്ള വാഹനങ്ങള്‍ക്കും ഇളവ് നല്‍കാനാണ് നീക്കം. മൈസൂരു ദസറ ആഘോഷങ്ങള്‍ക്ക് കേരളത്തില്‍ നിന്ന് നിരവധി വാഹനങ്ങളാണ് കര്‍ണാടകത്തിലെത്തുന്നത്. ദസറയ്ക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് നികുതിയിളവ് നല്‍കാനാണ് തീരുമാനം.

ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളസര്‍ക്കാറിന് കത്തയയ്ക്കുമെന്ന് അഡീഷണല്‍ ഗതാഗതവകുപ്പ് കമ്മിഷണര്‍ എച്ച്.ജി. കുമാര്‍ പറഞ്ഞു. തീര്‍ഥാടനം കഴിയുന്നതുവരെ ചുരുങ്ങിയത് 500 വാഹനങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് അയക്കാനാണ് തീരുമാനം. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ണാടകം ശക്തമായ നടപടി സ്വീകരിച്ചതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ടൂറിസ്റ്റ് ടാക്‌സി ഉടമകള്‍ പറഞ്ഞു. 2013ല്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങളില്‍നിന്ന് കര്‍ണാടക സര്‍ക്കാര്‍ ഒരുവര്‍ഷത്തെ പ്രവേശനനികുതി ഈടാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളവും തമിഴ്‌നാടും കര്‍ണാടകത്തില്‍ നിന്നുള്ള ടാക്‌സികള്‍ക്കും ഇതേരീതിയില്‍ നികുതി ചുമത്താന്‍ തീരുമാനിക്കുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x