
ഷാര്‍ജ: ഷാര്‍ജയില്‍ കുറ്റകൃത്യങ്ങളും അപകട മരണങ്ങളും കുറഞ്ഞു. എന്നാല്‍ ലഹരിമരുന്ന് കേസുകളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തെന്ന് ഷാര്‍ജ പൊലീസ്. പോയവര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. 2015നെ അപേക്ഷിച്ച് 2016ല്‍ മയക്കുമരുന്ന് കേസുകളുടെ എണ്ണത്തില്‍ 15 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സെയ്ഫ് അല്‍ സഅരി ആല് ശംസി പറഞ്ഞു. 2015 ല്‍ 453 ലഹരിമരുന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞവര്‍ഷം ഇത് 643 ആയി ഉയര്‍ന്നു.
ലഹരി വിപത്ത് തടയാന്‍ സ്കൂളുകളും സര്‍വകലാശാലകളും കേന്ദ്രീകരിച്ച് ബോധവല്കരണം ശക്തമാക്കും. വീട്ടിലെ കൗമാരക്കാര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന വിവരം ബന്ധുക്കള്‍ പൊലീസിന് കൈമാറിയാല്‍ നിയമനടപടി ഒഴിവാക്കി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ സംവിധാനം ഒരുക്കുമെന്നും പൊലീസ് അറിയിച്ചു.
പോയവര്‍ഷങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ പൊതുവെ 9.77 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. 15,114 ക്രിമിനല്‍ കേസുകള്‍ എന്നത് കഴിഞ്ഞവര്‍ഷം 13,638 കേസായി കുറഞ്ഞു. വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം 17.6 ശതമാനം കുറഞ്ഞു. 159 പേര് 2015ല്‍ ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് 131 പേരായിരുന്നു. ഷാര്‍ജ നഗരത്തില്‍ 500 പുതിയ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്നും നിരീക്ഷണ സംവിധാനമുള്ള പത്ത് പുതിയ പട്രോളിങ് വാഹനങ്ങള്‍ നിരത്തിലിറക്കുമെന്നും പൊലീസ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.