
അബൂദബി: അബൂദബി പൊലീസ് 35 സേവനങ്ങള്‍ ലഭ്യമാകുന്ന സൗജന്യ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. അബൂദബി പൊലീസ് വകുപ്പിന്റെ സമുച്ചയത്തില്‍ നടന്ന പരിപാടിയില്‍ അബൂദബി പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഖല്ഫാന് ആല് റുമൈതിയാണ് ആപ്ലിക്കേഷനും വെബ്സൈറ്റും പ്രകാശനം ചെയ്തത്. നവീനമായ പൊലീസ് സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷനെന്ന് അദ്ദേഹം പറഞ്ഞു.
ഗതാഗത പിഴ അടക്കല്‍, വാഹന രജിസ്ട്രേഷന് പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സ് എടുക്കല്‍, ഡ്രൈവിങ് ടെസ്റ്റ് ഷെഡ്യൂളുകളും ഗതാഗത പിഴകളും പരിശോധിക്കല്‍, മവാഖിഫ് ഫീസ് അടക്കല്‍ തുടങ്ങിയ സേവനങ്ങളടങ്ങിയ ആപ്ലിക്കേഷനാണ് പുറത്തിറക്കിയത്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ ആപ്ലിക്കേഷന്‍ ലഭിക്കും. നേരത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനായ എം.ഒ.ഐ യു.എ.ഇയില്‍ മാത്രമായിരുന്നു പൊലീസ് സേവനങ്ങള്‍ ലഭ്യമായിരുന്നത്.
സര്‍വേക്കും പരീക്ഷണ ഘട്ടത്തിനും ശേഷമാണ് ആപ്ലിക്കേഷന്റെ അന്തിമ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. സര്‍വേയില്‍ ജനങ്ങള്‍ പ്രകടിപ്പിച്ച അഭിപ്രായം പരിഗണിച്ചായിരുന്നു ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. പരീക്ഷണ കാലയളവില്‍ 20,000 പേര് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നു. സര്‍വയേില്‍ പങ്കെടുത്ത 85 ശതമാനം പേര് ആപ്ലിക്കേഷനില്‍ സംതൃപ്തി പ്രകടിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.