
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുടെ നാലാംഘട്ട വികസനങ്ങള്‍ക്കും ജപ്പാന്‍ ഏജന്‍സിയായ ജൈക്കയുടെ സഹായം പ്രതീക്ഷിച്ച് ഡി.എം.ആര്‍.സി. ആറ് ഇടനാഴികള്‍ ഉള്‍പ്പെടുന്ന നാലാംഘട്ടത്തില്‍ 103 കിലോമീറ്റര്‍ പാതയാണ് നിര്‍മിക്കുന്നത്. റിഠാല നരേല (21.73 കിലോമീറ്റര്‍), ഇന്ദര്‍ലോക് ഇന്ദ്രപ്രസ്ഥ (12.58), തുഗ്ലക്കാബാദ് എയ്‌റോസിറ്റി (20.20), ലാജ്പത് നഗര്‍ സാകേത് ജി ബ്ലോക് (7.96), ജനക്പുരി വെസ്റ്റ് ആര്‍.കെ. ആശ്രം (28.92), മുകുന്ദ്പുര്‍ മൗജ്പുര്‍ (12.54) പാതകളാണ് നാലാംഘട്ടത്തില്‍ വരുന്നത്. അരലക്ഷം കോടിയോളം രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ജൈക്കയുടെ വായ്പയ്ക്കായി ഡി.എം.ആര്‍.സി. നടപടി തുടങ്ങിക്കഴിഞ്ഞു.
ഡല്‍ഹി മെട്രോയുടെ ഒന്ന് മുതല്‍ മൂന്നുവരെയുള്ള ഘട്ടങ്ങളുടെ വികസനത്തിനുള്ള വായ്പയുടെ ഭൂരിഭാഗവും ജൈക്കയില്‍നിന്നായിരുന്നു. രണ്ട് ദശാബ്ദം നീളുന്നബന്ധമാണ് ജൈക്കയുമായുള്ളത്. ജൈക്കയുമായി നല്ല ധാരണയാണുള്ളതെന്ന് ഡി.എം.ആര്‍.സി. മാനേജിങ് ഡയറക്ടര്‍ മാംഗു സിങ് പറഞ്ഞു. നാലാംഘട്ടത്തിന്റെ ഫണ്ട് സംബന്ധിച്ച കാര്യങ്ങളില്‍ ഇനിയും അന്തിമതീരുമാനമായിട്ടില്ലെന്ന് ഡി.എം.ആര്‍.സി.യിലെ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മെട്രോയുടെ മൂന്നാംഘട്ടത്തിനുള്ള 48.57 ശതമാനവും ജൈക്കയാണ് നല്‍കിയത്. മൂന്നാംഘട്ടത്തിന് 41,079 കോടിയാണ് ചെലവ് കണക്കാക്കുന്നത്. മുപ്പത് വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കുംവിധം 1.4 ശതമാനം പലിശ നിരക്കിലാണ് വായ്പനല്‍കിയത്. ഒന്നാംഘട്ടത്തിന് 60 ശതമാനവും രണ്ടാംഘട്ടത്തിന് 54.47 ശതമാനവും ജൈക്കയുടെ വായ്പനല്‍കിയിരുന്നു. ഇത് യഥാക്രമം 10,571 കോടിയും 18,783 കോടിയും വരും. ബാക്കി തുക കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ സഹായമായാണ് ഡി.എം.ആര്‍.സി.ക്ക് ലഭിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.