Currency

ബംഗളൂരുവില്‍ കേരള ടൂറിസത്തിന്റെ റോഡ് ഷോ

സ്വന്തം ലേഖകന്‍Friday, January 13, 2017 4:05 pm

ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രത്യേകതകള്‍ വിനോദയാത്രക്കാര്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞവര്‍ഷം കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 5.61 ശതമാനത്തിന്റെ വര്‍ധനയണ് ഉണ്ടായത്.

ബംഗളൂരു: വിനോദസഞ്ചാര സാധ്യതകള്‍ തുറന്നിട്ട് ബംഗളൂരുവില്‍ കേരള ടൂറിസം വകുപ്പിന്റെ റോഡ് ഷോ. ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രത്യേകതകള്‍ വിനോദയാത്രക്കാര്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞവര്‍ഷം കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 5.61 ശതമാനത്തിന്റെ വര്‍ധനയണ് ഉണ്ടായത്. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ആറുശതമാനം വര്‍ധനയും നേടി. വിനോദസഞ്ചാര മേഖലയില്‍ വിദേശ വിനിമയത്തിലൂടെ ലഭിച്ച വരുമാനത്തില്‍ 8.61 ശതമാനത്തിന്റേതാണ് വര്‍ധന. വിനോദസഞ്ചാര മേഖലയില്‍നിന്ന് 2015ല്‍ ലഭിച്ച വരുമാനം 26,689 കോടി രൂപയാണ്.

വിനോദസഞ്ചാരികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കേരള ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി. നന്ദകുമാര്‍ പറഞ്ഞു. കേരളത്തിലെയും കര്‍ണാടകത്തിലെയും വിനോദസഞ്ചാരരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ചയും നടന്നു. ബിസിനസ് മീറ്റില്‍ കേരളത്തില്‍നിന്ന് 65 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുത്തു. കര്‍ണാടകത്തില്‍നിന്ന് നൂറിലധികം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കേരള പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

ടൂറിസം വികസനത്തിലൂടെ സമൂഹത്തിന്റെ വികസനമെന്ന സന്ദേശമാണ് ഉയര്‍ത്തിക്കാട്ടിയത്. വിദേശരാജ്യങ്ങളില്‍നിന്നുള്ള പാചകവിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള ഭക്ഷ്യമേള, കൊച്ചി മുസിരിസ് ബിനാലെ, സാഹസിക വിനോദയാത്രകള്‍ എന്നിവ സഞ്ചാരികളെ ആകര്‍ഷിച്ചു. ആയുര്‍വേദ രംഗത്തെ നേട്ടങ്ങളും മേഖലയുടെ പ്രോത്സാഹനത്തിനായി വിനിയോഗിക്കാനായി.

സമൂഹമാധ്യമങ്ങളിലും കേരള ടൂറിസം നിറഞ്ഞുനിന്നത് നേട്ടമായതായി അധികൃതര്‍ ചൂണ്ടിക്കാട്ടി. ഫെയ്‌സ് ബുക്കില്‍ 12.8 ലക്ഷം പേരാണ് ടൂറിസം വകുപ്പിന്റെ പേജ് പിന്തുടരുന്നത്. ട്വിറ്ററില്‍ 44,400ഓളം പേര്‍ പിന്തുടരുന്നു. കേരള ടൂറിസം വെബ്‌സൈറ്റില്‍ മറ്റ് ഭാഷകളിലും വിവരങ്ങള്‍ നല്‍കുന്നത് ആഭ്യന്തര ടൂറിസത്തിന് സഹായകമായി. റോഡ് ഷോയുടെ ഭാഗമായി കലാകാരന്മാര്‍ കേരളത്തിന്റെ തനത് കലാരൂപങ്ങളും അവതരിപ്പിച്ചു. മഴക്കാലത്തെ ആസ്പദമാക്കിയുള്ള സംഗീതനൃത്ത പരിപാടികളാണ് അരങ്ങേറിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x