
ബംഗളൂരു: നോട്ട് നിരോധനത്തില്‍ സംസ്ഥാനത്തെ ഗ്രാമങ്ങളില്‍ പ്രതിസന്ധി രൂക്ഷമായി. ബംഗളൂരു അടക്കമുള്ള നഗരങ്ങളില്‍ എ.ടി.എമ്മുകളില്‍ പണം എത്തിയെങ്കിലും ഗ്രാമങ്ങളില്‍ പ്രതിസന്ധി തുടരുകയാണ്. ചുരുക്കം സ്ഥലങ്ങളിലുള്ള എ.ടി.എമ്മുകളില്‍ പോലും പണമില്ല. ബാങ്കുകളിലും ആവശ്യത്തിന് പണമില്ല. ഗ്രാമങ്ങളില്‍ 40 ശതമാനം പുതിയ കറന്‍സികള്‍ വിതരണം ചെയ്യണമെന്ന നിര്‍ദേശം നടപ്പാക്കുന്നതില്‍ ബാങ്കുകള്‍ പരാജയപ്പെട്ടതായി കര്‍ഷകസംഘടനകള്‍ ആരോപിച്ചു. പ്രതിസിന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ വാജുഭായ് വാല, റിസര്‍വ് ബാങ്ക് മേഖല മേധാവി എന്നിവര്‍ക്ക് ജനുവരി 14ന് നിവേദനം നല്‍കുമെന്ന് കര്‍ഷകസംഘടന പ്രതിനിധികള്‍ പറഞ്ഞു.
ഗ്രാമങ്ങളില്‍ പണം എത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. നോട്ട് നിരോധനത്തിനുശേഷം കര്‍ണാടകത്തിലെ ബാങ്കുകള്‍ക്ക് 90,000 കോടിയുടെ 500, 2000 രൂപ നോട്ടുകളാണ് ആര്‍.ബി.ഐ. നല്‍കിയത്. വിഹിതം ലഭിച്ചതോടെ ജനുവരിയോടെ നഗരങ്ങളിലെ എ.ടി.എമ്മുകളില്‍ പണം എത്തി. എന്നാല്‍ ഗ്രാമങ്ങളില്‍ ആവശ്യത്തിന് പണം എത്തിക്കുന്നതില്‍ ബാങ്കുകള്‍ പരാജയപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോപണം. ഗ്രാമങ്ങളില്‍ ആഴ്ചയില്‍ 24,000 രൂപ നല്‍കാനും ബാങ്കുകള്‍ക്ക് കഴിയുന്നില്ല.
പുതുതായി വിള ഇറക്കേണ്ട കര്‍ഷകര്‍ക്ക് ആവശ്യത്തിന് പണം കിട്ടാത്തത് കൃഷി ഇറക്കുന്നതിനേയും ബാധിച്ചതായി കര്‍ഷകര്‍ പറയുന്നു. ബാങ്കില്‍ പണമുണ്ടെങ്കിലും കൃഷി ആവശ്യത്തിനായി പിന്‍വലിക്കാന്‍ കഴിയുന്നില്ല. ഗ്രാമങ്ങളിലെ ബാങ്കുകള്‍ പലപ്പോഴും 10,000 രൂപവരെയാണ് നല്‍കുന്നത്. സംസ്ഥാനത്തെ 24 ലക്ഷം ക്ഷീരകര്‍ഷകരെയും നോട്ട് ക്ഷാമം രൂക്ഷമായി ബാധിച്ചു. പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമുള്ളതിനാല്‍ കര്‍ഷകര്‍ക്ക് പ്രതിഫലം നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ്. പ്രതിസന്ധിയെ തുടര്‍ന്ന് ആഴ്ചയിലൊരിക്കല്‍ പണം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഗ്രാമങ്ങളില്‍ ആവശ്യത്തിന് പണം എത്തിക്കാന്‍ ബാങ്കുകള്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നും സൂചനയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.