യുഎഇ സമയം വൈകിട്ട് 6.15നാണ് ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറമണിഞ്ഞത്. ഇതു കാണാന്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരും സ്വദേശികളും ഇതരരാജ്യക്കാരുമെത്തി.
ദുബായ്: 68ാം റിപ്പബ്ലിക് ദിനമാഘോഷിക്കുന്ന ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ത്രിവര്‍ണ പതാകയുടെ നിറമണിഞ്ഞു. യുഎഇ സമയം വൈകിട്ട് 6.15നാണ് ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറമണിഞ്ഞത്. ഇതു കാണാന്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരും സ്വദേശികളും ഇതരരാജ്യക്കാരുമെത്തി. കെട്ടിടം വിദൂരത്തുപോലും ദൃശ്യമാകുന്നതിനാല്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വേഗം കുറച്ച് കാഴ്ച കണ്ടു.
ഇന്ത്യന്‍ ദേശീയ പതാകയുടെ നിറം എല്‍ഇഡി വെളിച്ചമുപയോഗിച്ചാണ് ബുര്‍ജ് ഖലീഫയില്‍ പതിപ്പിക്കുന്നത്. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘാഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വേളയിലാണ് ഇന്ത്യയോട് ആദരവ് കാണിക്കുന്ന യുഎഇ നീക്കമെന്നത് ഇവിടുത്തെ പ്രവാസി ഇന്ത്യക്കാര്‍ക്കും ഏറെ ആഹ്ലാദം പകരുന്നു.
മറ്റു രാജ്യങ്ങളുടെ വിശേഷ ദിവസങ്ങളില്‍ ബുര്‍ജ് ഖലീഫ അതാത് രാജ്യത്തിന്റെ ദേശീയ പതാകയുടെ നിറങ്ങളണിയാറുണ്ടെങ്കിലും ഇന്ത്യന്‍ ത്രിവര്‍ണ പതാകയുടെ നിറമണിയുന്നത് ഇതാദ്യമായാണ്. ഇന്ത്യയും യുഎഇയും തമ്മില്‍ വളരെ ദൃഢമായ ഉഭയകക്ഷി ബന്ധമാണുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.