ആദ്യഘട്ടത്തില്‍ വിമാനയാത്രക്കാര്‍ക്ക് മാത്രമായിരുന്നു നിര്‍ബന്ധം. എന്നാല്‍ പ്രവാസികള്‍ കൂടുതലായി സഞ്ചരിക്കുന്ന മെസ്യാദ്, ഹഫീത്ത് അതിര്‍ത്തികളില്‍ കഴിഞ്ഞ മൂന്നു നാലു ദിവസമായി ഓണ്‍ലൈന്‍ വിസയില്ലാത്തവരെ കടത്തിവിടുന്നില്ല.
അബൂദബി: യു.എ.ഇ എല്ലാ റോഡ് അതിര്‍ത്തികളിലും ഓണ്‍ലൈന്‍ വിസ നിര്‍ബന്ധമാക്കി. കഴിഞ്ഞവര്‍ഷം ഏപ്രില്‍ അവസാനമാണ് ഓണ്‍ലൈന്‍ വിസ സമ്പ്രദായം യുഎഇ നടപ്പാക്കിയത്. ആദ്യഘട്ടത്തില്‍ വിമാനയാത്രക്കാര്‍ക്ക് മാത്രമായിരുന്നു നിര്‍ബന്ധം. എന്നാല്‍ പ്രവാസികള്‍ കൂടുതലായി സഞ്ചരിക്കുന്ന മെസ്യാദ്, ഹഫീത്ത് അതിര്‍ത്തികളില്‍ കഴിഞ്ഞ മൂന്നു നാലു ദിവസമായി ഓണ്‍ലൈന്‍ വിസയില്ലാത്തവരെ കടത്തിവിടുന്നില്ല.
നേരത്തെ ഹത്ത അതിര്‍ത്തിയിലും ഓണ്‍ലൈന്‍ വിസ നിര്‍ബന്ധമാക്കിയതോടെ, മലയാളി യാത്രക്കാര്‍ ഹില്ലി, ഖത്മത്ത് ശക്ല, മെസ്യാദ് അതിര്‍ത്തികളിലൂടെയാണ് യു.എ.ഇയിലേക്ക് പോയിരുന്നത്. മലയാളി യാത്രക്കാര്‍ക്ക് തിരിച്ചടിയായി അബൂദബി എമിറേറ്റിന്റെ കീഴിലുള്ള ഈ റോഡ് അതിര്‍ത്തികളിലാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ വിസ നിര്‍ബന്ധമാക്കിയത്.
ഓണ്‍ലൈന്‍ വിസയ്ക്ക് 30 മുതല്‍ 32 റിയാല്‍ വരെയാണ് ട്രാവല്‍ ഏജന്‍സികള്‍ ഈടാക്കുന്നത്. വെബ്‌സൈറ്റില്‍ നേരിട്ട് അപേക്ഷിച്ചാല്‍ കുറഞ്ഞ ചെലവു മാത്രമാണ് വരുകയുള്ളൂവെങ്കിലും സാങ്കേതിക പരിജ്ഞാനം വേണ്ടതിനാല്‍ കൂടുതല്‍ പേരും ട്രാവല്‍ ഏജന്‍സികളെയാണ് ഈ സേവനത്തിനായി ആശ്രയിക്കുന്നത്.
വിസാ നിയമത്തില്‍ യു.എ.ഇ വരുത്തിയ കാര്‍ക്കശ്യം ബുറൈമിയില്‍ താമസിക്കുന്ന മലയാളികളെയും പ്രയാസത്തിലാക്കിയിട്ടുണ്ട്. ബുറൈമിയില്‍ താമസിക്കുന്ന പ്രഫഷനല്‍ വിസക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും 560 ദിര്‍ഹം ഈടാക്കി നല്‍കിയിരുന്ന എന്‍ട്രി, എക്‌സിറ്റ് പെര്‍മിറ്റ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തലാക്കി. നേരത്തേ ആറു മാസത്തേക്ക് നല്‍കിയിരുന്ന പെര്‍മിറ്റ് പിന്നീട് മൂന്നു മാസമാക്കുകയും ഇപ്പോള്‍ പൂര്‍ണമായും നിര്‍ത്തലാക്കുകയുമാണ് ചെയ്തിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.