Currency

കുടിവെള്ളം; മൈസൂരുവില്‍ പ്രതിസന്ധി രൂക്ഷമാകുന്നു

സ്വന്തം ലേഖകന്‍Thursday, March 2, 2017 2:35 pm

ജില്ലയിലെ 227 ഗ്രാമങ്ങളില്‍ വേനല്‍ക്കാലത്ത് കുടിവെള്ളത്തിന് പ്രതിസന്ധി നേരിടാറുണ്ട്. പ്രശ്‌ന പരിഹാരത്തിനായി ഗ്രാമീണ കുടിവെള്ള വിതരണവകുപ്പിന്റെ നേതൃത്വത്തില്‍ ഭൂഗര്‍ഭകിണറുകളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കാര്‍ഷികാവശ്യത്തിനായി ഭുഗര്‍ഭകിണറുകള്‍ നിര്‍മിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

മൈസൂരു: മൈസൂരുവിലെ ഗ്രാമങ്ങളില്‍ കുടിവെള്ള പ്രതിസന്ധി രൂക്ഷമാകുന്നു. ജില്ലയിലെ 39 ഗ്രാമങ്ങളിലാണ് കുടിവെള്ള പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. മൈസൂരു താലൂക്കില്‍ ഒമ്പതും നഞ്ചന്‍കോട് താലൂക്കില്‍ എട്ടും ഗ്രാമങ്ങളില്‍ കിണറുകളും ഭൂഗര്‍ഭകിണറുകളും വറ്റിയതിനെ തുടര്‍ന്ന് കുടിവെള്ളം കിട്ടാക്കനിയായി മാറി. രൂക്ഷമായ കുടിവെള്ള ക്ഷാമത്തെതുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ടാങ്കറുകളില്‍ എത്തിക്കുന്ന വെള്ളമാണ് ഗ്രാമവാസികള്‍ക്ക് ആശ്വാസം.

ജില്ലയിലെ 227 ഗ്രാമങ്ങളില്‍ വേനല്‍ക്കാലത്ത് കുടിവെള്ളത്തിന് പ്രതിസന്ധി നേരിടാറുണ്ട്. പ്രശ്‌ന പരിഹാരത്തിനായി ഗ്രാമീണ കുടിവെള്ള വിതരണവകുപ്പിന്റെ നേതൃത്വത്തില്‍ ഭൂഗര്‍ഭകിണറുകളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കാര്‍ഷികാവശ്യത്തിനായി ഭുഗര്‍ഭകിണറുകള്‍ നിര്‍മിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ കുടിവെള്ളത്തിന്റെ ലഭ്യത ഡെപ്യൂട്ടി കമ്മിഷണര്‍ ഡി. രണ്‍ദീപ്, ജില്ലാ പഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശിവശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തുന്നുണ്ട്. പുതുതായി എതെങ്കിലും ഗ്രാമങ്ങളില്‍ പ്രതിസന്ധി അനുഭവപ്പെടുന്നുണ്ടെങ്കില്‍ അറിയിക്കണമെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ നിര്‍ദേശം നല്‍കി.

മൈസൂരു നഗരത്തിലും കുടിവെള്ള പ്രതിസന്ധി നേരിട്ടിരുന്നു. ശ്രീരംഗപട്ടണയിലെ കൃഷ്ണരാജ സാഗര്‍ അണക്കെട്ടും വേനല്‍ കടുത്തതോടെ വറ്റിയനിലയിലാണ്. നിലവില്‍ അഞ്ച് ടി.എം.സി. അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x