Currency

കല്‍ബയിലുണ്ടായ തീപിടിത്തം; തൊഴിലാളികളുടെ ആറ് കാരവനുകള്‍ കത്തിനശിച്ചു

സ്വന്തം ലേഖകന്‍Monday, March 6, 2017 6:59 pm

അടുക്കളയില്‍ നിന്നാണ് തീപടര്‍ന്നതെന്ന് സംശയിക്കുന്നു. ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെറിറ്റേജ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നൂറോളം തൊഴിലാളികളായിരുന്നു ഇവിടെ താമസിച്ചിരുന്നത്.

കല്‍ബ: വ്യവസായ മേഖലയായ കോര്‍ കല്‍ബയിലുണ്ടായ തീപിടിത്തത്തില്‍ തൊഴിലാളികള്‍ താമസിക്കുന്ന മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഞായറാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. 15 താത്കാലിക മുറികള്‍ അടങ്ങിയ ആറ് കാരവനുകള്‍ പൂര്‍ണമായും കത്തിനശിച്ചു.

ഷാര്‍ജ പോലീസ്, അഗ്നിശമന വിഭാഗം എന്നിവര്‍ ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും മുറികളിലുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചിരുന്നു. തീപിടിത്തം നടക്കുന്ന സമയത്ത് തൊഴിലാളികളെല്ലാം ജോലി സ്ഥലത്തായതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.

അടുക്കളയില്‍ നിന്നാണ് തീപടര്‍ന്നതെന്ന് സംശയിക്കുന്നു. ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെറിറ്റേജ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നൂറോളം തൊഴിലാളികളായിരുന്നു ഇവിടെ താമസിച്ചിരുന്നത്. മലയാളികളെ കൂടാതെ ഉത്തരേന്ത്യക്കാരും പാകിസ്താന്‍, ബംഗ്ളാദേശ്, ടാന്‍സാനിയ എന്നിവിടങ്ങളിലെ തൊഴിലാളികളുമാണ് ഇവിടെ താമസിച്ചിരുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ നാട്ടില്‍ അവധിക്ക് പോകാന്‍ തയ്യാറായിരിക്കവെയാണ് അപകടമുണ്ടായതെന്നതിനാല്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ വാങ്ങി വെച്ചിരുന്ന സാധനങ്ങളും കത്തിനശിച്ചു. സംഭവത്തെ കുറിച്ച് ഷാര്‍ജ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x