
ഷാര്‍ജ: അവധിക്ക് നാട്ടിലേക്ക് വരുന്നതിനായി തയ്യാറെടുക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ജൂണ്‍ അവസാനത്തോടെ തുടങ്ങുന്ന യു.എ.ഇ.യിലെ സ്‌കൂള്‍ അവധി കണക്കിലെടുത്ത് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനയാണ് വരുന്നത്. നാട്ടിലെ സ്‌കൂള്‍ അവധി ഏപ്രില്‍ ഒന്നിന് തുടങ്ങും. അതുകൊണ്ടുതന്നെ കേരളത്തില്‍നിന്ന് ഗള്‍ഫ് നാടുകളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇപ്പോള്‍ത്തന്നെ ഉയര്‍ന്നിട്ടുണ്ട്.
നാട്ടിലേക്ക് തിരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന മിക്കവാറും പ്രവാസികള്‍ ഇതുവരെയും ടിക്കറ്റ് എടുത്തിട്ടില്ല. യു.എ.ഇ.യില്‍ വേനലവധിക്ക് സ്‌കൂള്‍ അടയ്ക്കുന്ന തീയതി കൃത്യമായി അറിയാത്തതാണ് ഇതിന് കാരണം. അതേസമയം ജൂണ്‍ ഇരുപത്തഞ്ചോടെ സ്‌കൂളുകള്‍ അടയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതേസമയംതന്നെ ചെറിയ പെരുന്നാളും സെപ്റ്റംബര്‍ ആദ്യവാരം വലിയ പെരുന്നാളും ഉണ്ടാവുന്നതോടെ അവധിക്കുപോകുന്നവരുടെയും തിരിച്ച് വരുന്നവരുടെയും ടിക്കറ്റില്‍ വന്‍ വര്‍ധനവുണ്ടാവും. വധിക്കാലം തീരുന്നതുവരെ നിരക്ക് കൂടുകയല്ലാതെ കുറയാന്‍ സാധ്യതയില്ലെന്ന് ട്രാവല്‍ ഏജന്റുമാര്‍ വ്യക്തമാക്കി. നിലവിലെ നിരക്കനുസരിച്ച് ജൂണ്‍ 23, ഓഗസ്റ്റ് 30 തീയതികളിലായി യു.എ.ഇ.യില്‍നിന്ന് കേരളത്തിലേക്ക് പോയിവരാന്‍ 2500 മുതല്‍ 3000 ദിര്‍ഹം വരെ വിവിധ വിമാനക്കമ്പനികള്‍ ഈടാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ നിരക്കില്‍ ഇനിയും വന്‍ വര്‍ധനയ്ക്കാണ് സാധ്യതയുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.