'കറുത്തവനായ ഇന്ത്യാക്കാരന് എന്തിന് തങ്ങളെ നോക്കുന്നു' എന്നു ചോദിച്ചുകൊണ്ട് യുവാക്കൾ തന്റെ പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു
ഹോബാര്‍ട്ട്: ടാസ്മേനിയയുടെ തലസ്ഥാനമായ ഹോബാര്‍ട്ടിലെ അര്‍ഗൈല്‍ സ്ട്രീറ്റിലുള്ള മക്ഡൊണാള്‍ഡ്സ് റെസ്റ്റോറന്റില്‍ വച്ച് മലയാളിയായ ടാക്സി ഡ്രൈവര്‍ ലീ മാക്സിനെ ഒരു സംഘം യുവാക്കൾ വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതായി പരാതി. ശനിയാഴ്ച പുലര്‍ച്ചെ നാലരക്ക് മക്ഡൊണാള്‍ഡ്സിലെ ടോയ്ലറ്റില് നിന്നു തിരിച്ചിറങ്ങുമ്പോഴാണു സംഭവം.
നാലു യുവാക്കളും ഒരു യുവതിയും റെസ്റ്റോറന്റ് ജീവനക്കാരിയെ അപമാനിക്കുന്നത് കണ്ട ലീ മാക്സ് ഭക്ഷണം ഒന്നും വാങ്ങാതെ പുറത്തേക്കിറങ്ങി. ഈ സമയം ‘കറുത്തവനായ ഇന്ത്യാക്കാരന് എന്തിന് തങ്ങളെ നോക്കുന്നു’ എന്നു ചോദിച്ചുകൊണ്ട് യുവാക്കൾ തന്റെ പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു എന്ന് പൊലീസിന് നല്കിയ പരാതിയില്‍ ലീ മാക്സ് പറയുന്നു. മൊബൈല്‍ ഫോണില്‍ ആക്രമണം നടത്തിയവരുടെ ഫോട്ടോ പകര്‍ത്തിയതും ചേർത്താണ് ലീ മാക്സ് പരാതിപ്പെട്ടത്.
കോട്ടയം പുതുപ്പള്ളി സ്വദേശിയായ ലീ മാക്സ് കഴിഞ്ഞ എട്ടു വര്‍ഷമായി ഹോബാര്‍ട്ടില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ്. റോയല്‍ ഹോബാര്‍ട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ലീയെ, സ്കാനിംഗിനും പ്രാഥമിക ചികിത്സകള്‍ക്കും ശേഷം ഡിസ്ചാര്‍ജ് ചെയ്തു. സംഭവം നടന്നയുടന്‍ പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.