
ലണ്ടൻ: എന്‍എച്ച്എസില്‍ ഡോക്റ്റര്‍മാര്‍, ഡെന്റിസ്റ്റുകള്‍, നഴ്‌സുമാര്‍, മിഡ് വൈഫുമാര്‍, പാരാമെഡിക്കല്‍സ്, റേഡിയോളജിസ്റ്റ്, ക്ലീനിങ് ജോലിക്കാര്‍ തുടങ്ങിയവർക്ക് ശമ്പള വര്‍ധന നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഒരു ശതമാനത്തിന്റെ വര്‍ധനയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പുതുക്കിയ ശമ്പളം അടുത്ത വര്‍ഷം മുതല്‍ ലഭിക്കുമെന്ന് കരുതുന്നു.
അതേസമയം പേ റിവ്യൂ ബോഡീസ് സര്‍ക്കാരിന് ഇതു സംബന്ധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് യൂണിയനുകള്‍ തള്ളിക്കളഞ്ഞു. ഇന്ധനം, ഭക്ഷണം, യാത്ര തുടങ്ങിയവയുടെ ചെലവുകള്‍ കുത്തനെ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ധന അംഗീകരിക്കാന്‍ കഴിയില്ലെന്ന് യൂണിയനുകൾ വാദിക്കുന്നു. പുതിയ ശമ്പളപ്രകാരം ആഴ്ചയില്‍ അഞ്ച് പൗണ്ടില്‍ കൂടുതല്‍ ശമ്പളം അധികമായി ലഭിക്കില്ലെന്ന് ഇവര്‍ അറിയിച്ചു.
എന്‍എച്ച്എസ് വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്നും കൂടുതല്‍ ശമ്പളവര്‍ധന ട്രസ്റ്റിനെ സാരമായി ബാധിക്കുമെന്നും പിആര്‍ബി അറിയിച്ചു. ഇതുകൂടാതെ ചെലവുചുരുക്കലിന്റെ ഭാഗമായി ഇപ്പോള്‍ തന്നെ സാധാരണക്കാര്‍ക്ക് നല്‍കുന്ന പല സേവനങ്ങളും അവസാനിപ്പിക്കുകയാണ്. എന്‍എച്ച്എസ് വഴി വില്‍ക്കുന്ന സണ്‍ സ്‌ക്രീൻ തുടങ്ങി പത്ത് ഉത്പന്നങ്ങള്‍ നിര്‍ത്തലാക്കാനും ആലോചനയുണ്ട്. ഇതുവഴി 100 മില്യണ്‍ ലാഭിക്കാമെന്നും കരുതുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.