
ലണ്ടന്‍: ലണ്ടനിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ മലയാളി ഗവേഷകനായ രാഹുല്‍ ആര്‍ നായരും സംഘവും ശുദ്ധജല പ്രതിസന്ധിക്ക് പരിഹാരമായി പുതിയൊരു സാങ്കേതികവിദ്യ കണ്ടെത്തി. കടല്‍ജലത്തിലെ ഉപ്പിനെ ഗ്രാഫീന്‍ ഉപയോഗിച്ച് വേര്‍തിരിച്ച് ശുദ്ധജലം ശേഖരിക്കാവുന്ന സാങ്കേതികവിദ്യയാണ് ഇന്ത്യക്കാരായ ജിജോ എബ്രഹാം, വാസു സിദ്ധേശ്വര എന്നിവർ അടങ്ങിയ ടീം വികസിപ്പിച്ചെടുത്തത്.
പുതിയ ലക്കം നേച്ചര്‍ നാനോടെക്‌നോളജിയില്‍ ഇവരുടെ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തേനീച്ചക്കൂടിന് സമാനമായ ക്രിസ്റ്റല്‍ ഘടനയുള്ളതും ഒരു അണുവിന്റെ മാത്രം കട്ടിയുള്ളതുമായ കാര്‍ബണ്‍ അണുക്കളുടെ പരന്ന പാളിയാണ് ഗ്രാഫീന്‍. ഗ്രാഫീന്റെ സ്ഥിരത നഷ്ടപ്പെടാതെ അതിനെ വേര്‍തിരിച്ചെടുത്തതിന് ആന്ദ്രെ ഗെയിം, കോണ്‍സ്‌റ്റൈന്റന്‍ നോവോസെലോവ് എന്നിവര്‍ക്ക് 2010-ലെ ഭൗതികശാത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിരുന്നു.
ഗ്രാഫീന്റെ ഘടനക്കുള്ള അരിപ്പയുടെ സ്വഭാവമാണ് രാഹുലും സംഘവും പ്രയോജനപ്പെടുത്തിയത്. ഈ സംഘം വികസിപ്പിച്ചെടുത്ത ഗ്രാഫീന്‍ ഓക്‌സൈഡ് സ്തരങ്ങള്‍ ഉപ്പുവെള്ളത്തിലെ ഉപ്പിനെ തടഞ്ഞുനിര്‍ത്തും. കോട്ടയം എം.ജി സര്‍വകലാശാലയില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ രാഹുല്‍ 2010-ൽ മാഞ്ചസ്റ്റര്‍ സര്‍വലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയശേഷം ഗ്രാഫീന്‍ രംഗത്ത് ഗവേഷണം തുടരുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.