Currency

പൊതുമാപ്പിന് ശേഷം അനധികൃതമായി കഴിയുന്നവര്‍ക്ക് തടവ് ശിക്ഷയെന്ന് സൗദി

സ്വന്തം ലേഖകന്‍Friday, April 7, 2017 1:08 pm

റിയാദ്: പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി രാജ്യംവിടാതെ അനധികൃതമായി കഴിയുന്നവര്‍ക്ക് തടവ് ശിക്ഷയെന്ന് സൗദി. നിയമലംഘകരില്ലാത്ത രാജ്യം എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് സൗദി പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുമാപ്പിന് ശേഷം നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് തടവ് ശിക്ഷയ്ക്ക് പുറമെ പുതിയ വിസയില്‍ രാജ്യത്തേക്ക് വരുന്നതിന് 10 വര്‍ഷം വിലക്കും ഏര്‍പ്പെടുത്തും.

അതേസമയം പൊതുമാപ്പുവേളയില്‍ രാജ്യംവിടുന്നവര്‍ക്ക് മടങ്ങിവരാന്‍ അവസരം നല്‍കും. 90 ദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണത്തിനുശേഷവും രാജ്യത്ത് അനധികൃതമായി കഴിയുന്നവര്‍ക്കെതിരേ കര്‍ശന ശിക്ഷാനടപടിയും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള ഫീസും പിഴയും അടയ്ക്കണം. ഇതിനുപുറമേ തടവുശിക്ഷയും നേരിടേണ്ടിവരും. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടാത്ത മുഴുവന്‍ നിയമലംഘകരെയും മടങ്ങിപ്പോകാന്‍ അനുവദിക്കും.

രാജ്യത്തെ മുഴുവന്‍ പാസ്പോര്‍ട്ട് ഓഫീസുകളും നിയമലംഘകര്‍ക്ക് ഫൈനല്‍ എക്സിറ്റ് അനുവദിക്കുന്നതിന് സുസജ്ജമാണ്. ഇഖാമ ഇല്ലാത്തവര്‍ യാത്രാരേഖകളുമായി പാസ്പോര്‍ട്ട് ഓഫീസുകളിലെത്തിയാല്‍ ഫൈനല്‍ എക്സിറ്റ് അനുവദിക്കും. പാസ്പോര്‍ട്ട് കൈവശമില്ലാത്ത നിയമലംഘകര്‍ എംബസികളെ സമീപിച്ച് യാത്രാരേഖകള്‍ ശരിയാക്കി പാസ്പോര്‍ട്ട് ഓഫീസിനെ സമീപിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x