Currency

മലയാളിയായ ഡോ. സജീവ് കൊശിയെ വിക്ടോറിയൻ ക്ലിനിക്കൽ കൗൺസിൽ അംഗമായി തിരഞ്ഞെടുത്തു

Friday, April 7, 2017 1:52 pm

പുതിയതായി രൂപം നൽകിയവിക്ടോറിയൻ ക്ലിനിക്കൽ കൗൺസിൽ അംഗമായി മലയാളിയായ ഡോ. സജീവ് കൊശിയെ നിയമിച്ചു. പ്ലെന്റി വാലി കമ്മ്യൂണിറ്റി ഹെൽത്തിന്റെയും ബൂർട്ട് ആരോഗ്യ വിഭാഗത്തിന്റെയും ക്ലിനിക്കൽ ഡയറക്ടറായ അദ്ദേഹം മെൽബണിലെ റോയൽ ദന്താശുപത്രിയിൽ എൻഡൊഡോന്റിക്സ് അൻഡ് പ്രോസ്തോ ഡോന്റിക്സ് വിഭാഗങ്ങളുടെ ആക്ടിംഗ് മേധാവിയും കൂടിയാണ്. 

തിരുവനന്തപുരം ഡെന്റൽ കോളേജ് പൂർവ വിദ്യാർധിയായ ഡോ. സജീവ് കൊശി കേരള ഡെന്റൽ കൗൺസിലിന്റെ മുൻ പ്രസിഡന്റാണ്. തിരുവനന്തപുരം കൈതമുക്ക് സ്വദേശിയായ ഇദ്ദേഹത്തിന് 2016-ൽ ഓസ്ട്രേലിയയിലെ പരമോന്നത സിവിലിയൻ അവാർഡായ മെഡൽ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ ലഭിച്ചിട്ടുണ്ട്. വിക്ടോറിയൻ ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് പുതിയ കൗൺസിൽ രൂപീകരിച്ചിരിക്കുന്നത്.

വിക്ടോറിയൻ ലേബർ സർക്കാരിന്റെ വികസന പദ്ദതികളുടെ ഭാഗമായ ഈ കൗൺസിൽ മികവുറ്റ ചികിൽസാ സംവിധാനം ഒരുക്കുന്നതിനായി ഡോക്ടർമാരെ മുൻ നിരയിലെത്തിക്കുന്നതിനുള്ള പരമോന്നത വകുപ്പാണ്. വിക്ടോറിയയിലെ എല്ലാവർക്കും മികച്ച ചികിൽസ സൗകര്യം ലഭ്യമാക്കുന്നതിനു വേണ്ട എല്ലാ നിർദ്ദേശങ്ങളും കൗൺസിൽ സർക്കാരിനു നൽകും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രഗൽഭരെ ഉൾപ്പെടുത്തിയാണ്വിക്ടോറിയൻ ക്ലിനിക്കൽ കൗൺസിൽ രൂപീകരിച്ചിരിക്കുന്നത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x