
ലണ്ടൻ: ടേം- ടൈമിൽ അനുവാദമില്ലാതെ സ്കൂളിൽ നിന്ന് വിദ്യാർത്ഥികളെ കൊണ്ട് അവധിയെടുക്കുന്നതിനു മാതാപിതാക്കൾക്ക് പിഴശിക്ഷ വിധിക്കുന്ന കൗൺസിൽ നടപടി സുപ്രീംകോടതി ശരിവച്ചു. 2015 ഏപ്രിൽ മാസം സ്കൂൾ അധികൃതരുടെ അനുവാദമില്ലാതെ മകളെ ഏഴ് ദിവസത്തേക്ക് അവധിക്കാലം ആഘോഷിക്കാനായി കൊണ്ടുപോയ ജോണ്‍ പ്ലാറ്റ് എന്ന പിതാവിന്റെ കേസിലാണ് സുപ്രീംകോടതി ജഡ്ജി വിധി പ്രസ്താവിച്ചത്.
അനുവാദമില്ലാതെ സ്കൂളിൽ നിന്നും അവധിയെടുത്തതിന് 150000-ത്തോളംകുടുംബങ്ങൾക്ക് പിഴശിക്ഷ ലഭിച്ചിട്ടുണ്ട്. മൊത്തം 9 മില്യൺ പൗണ്ടോളം ഈയിനത്തിൽ പിഴയായി ഈടാക്കിയിട്ടുണ്ടെന്ന് ഇംഗ്ലണ്ടിലെ 145 കൗൺസിലുകളിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ വ്യക്തമാണ്. സഫോൾക്ക്, ലങ്കാഷയർ കൗൺസിലുകളാണ് ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയിട്ടുള്ളത്. ഇതിനു ശേഷം 2015-16 അധ്യയന വർഷത്തിൽ മൊത്തത്തിലുള്ള ആബ്സൻസ് നിരക്ക് കുറഞ്ഞതായികണ്ടെത്തി. കുട്ടികൾ അകാരണമായി അവധിയെടുക്കുന്നത് ഒഴിവാക്കാനായി വിദ്യാഭ്യാസവകുപ്പാണ് 2013-ൽ പിഴശിക്ഷ അടക്കമുള്ള നടപടികൾ നടപ്പിലാക്കിയത്.
സ്കൂൾ ഹെഡ്ടീച്ചറുടെ അനുമതിയോടെ പ്രതിവർഷം പത്ത് ദിവസത്തെ ലീവ് എടുക്കാൻ ഗവണ്മെന്റ് അനുമതി നല്കിയിയിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾ പോലുള്ള കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാൻ ഹെഡ് ടീച്ചർമാർക്ക് അവധി അനുവദിക്കാവുന്നതാണ്. കാരണമില്ലാതെയും അനുവാദം വാങ്ങാതെയും കുട്ടികളെ അവധിയെടുപ്പിച്ചാൽ അറുപത് പൗണ്ട് വീതം പിഴ ഈടാക്കാൻ കൗൺസിലുകൾക്ക് അധികാരമുണ്ട്. എന്നാൽ സ്കൂൾ ആബ്സെൻസ് വിഷയത്തിൽ അവധി കൗണ്‍സിലിൽ റിപ്പോർട്ട് ചെയ്യണോ വേണ്ടയോ എന്ന് തിരുമാനിക്കുക ഹെഡ്ടീച്ചറുടെ അധികാരമാണ് എന്ന് പ്രധാനമന്ത്രി തെരേസാ മേയ് പറഞ്ഞു.
മരണാന്തരചടങ്ങുകളിലും മറ്റും പങ്കെടുക്കാൻ കുട്ടികൾക്ക് നീണ്ട അവധി അനുവദിക്കാൻ മതിയായ തെളിവ് ഹാജരാക്കണം. ഇംഗ്ലണ്ടിൽ അഞ്ച് ദിവസവും വെയിൽസിൽ പത്ത് ദിവസവും ഇത്തരത്തിൽ അവധിയെടുക്കാം. സ്കോട്ട്ലാഡിൽ ഇത്തരത്തിലുള്ള പിഴശിക്ഷ നിലവിലില്ല. പക്ഷേ കുട്ടികളുടെ അവധി നീണ്ടാൽ ലോക്കൽ എഡ്യുക്കേഷൻ അതോറിറ്റിക്ക് വിശദീകരണം നൽകണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ആയിരം പൗണ്ട് പിഴയോ ഒരു മാസം ജയിൽശിക്ഷയോ രണ്ടും കൂടിയോ ലഭിച്ചേക്കാം. നോർത്തേൺ അയർലാൻഡിൽ കുട്ടിയുടെ മൊത്തം ഹാജർ നില 85 ശതമാനത്തിൽ കുറഞ്ഞാൽ എഡ്യുക്കേഷൻ വെൽഫെയർ സർവ്വീസിന് മറുപടി നൽകേണ്ടി വരും
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.