വർഷങ്ങളോളം ജോലി ചെയ്ത തൊഴിലാളികൾക്ക് സേവനാനന്തര ആനുകൂല്യം നൽകാതിരിക്കാൻ വേണ്ടിയാണ് മുന്നറിയിപ്പില്ലാതെ വിസ റദ്ദാക്കുന്നത്
ബഹ്റൈൻ: തൊഴിലാളിയറിയാതെ വിസ റദ്ദാക്കപ്പെടുന്ന സംഭവങ്ങൾ ബഹ്റൈനിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഇന്ത്യക്കാരായ 3 പേർക്കാണ് വിമാനത്താവളത്തിലെത്തി പുറത്തിറങ്ങാനാകാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. കാരണം അന്വേഷിച്ചപ്പോഴാണ് അവധിക്കാലത്ത് സ്പോൺസർ വിസ റദ്ദാക്കിയ കാര്യം ഇവർ അറിയുന്നത്.
ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തുച്ഛ വരുമാനക്കാരായ തൊഴിലാളികളാണ് ഇങ്ങനെ മടങ്ങേണ്ടി വരുന്നവരിൽ അധികവും. അവധിക്ക് പോകുന്നവർ തിരിച്ചുവരാനാകുമോ എന്ന ആശങ്കയിലാണ് നാട്ടിലേക്ക് തിരിക്കുന്നത്.
തൊഴിലാളി അറിയാതെ അവരുടെ വിസ റദ്ദാക്കുന്ന തൊഴിലുടമകൾക്കെതിരെ നടപടി എടുക്കണമെന്നും ഇത്തരം സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ പെടുത്തണമെന്നും സാമൂഹ്യപ്രവർത്തകർ ആവശ്യപ്പെട്ടു. വർഷങ്ങളോളം ജോലി ചെയ്ത തൊഴിലാളികൾക്ക് സേവനാനന്തര ആനുകൂല്യം നൽകാതിരിക്കാൻ വേണ്ടിയാണ് മുന്നറിയിപ്പില്ലാതെ വിസ റദ്ദാക്കുന്നതെന്നും ഇവർ ആരോപിച്ചു.
അനുമതിയോടെ അവധിക്ക് പോകുന്നവരുടെ വിസ റദ്ദാക്കാറില്ലെന്നും സ്പോൺസറുടെ അനുമതിയില്ലാതെ അവധി നീട്ടുമ്പോൾ മാത്രമാണ് വിസ റദ്ദാക്കാറുള്ളതെന്നും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അഭിപ്രായപ്പെട്ടു. ഇങ്ങനെയുള്ള അവസരങ്ങളിൽ തൊഴിലാളികൾക്ക് നിയമസഹായം തേടാവുന്നതാണെന്നും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.