സ്വന്തമായി വീടില്ലാത്തതിനാൽ ഇയാൾ കാറിലാണ് കഴിഞ്ഞിരുന്നതെന്നും അതിനാൽ അധികൃതർ അയച്ച കത്തുകളൊന്നും കൈപ്പറ്റാൻ സാധിച്ചില്ലെന്നും ഡ്രൈവറുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.
മെൽബൺ: വിക്റ്റോറിയയിൽ താമസക്കുന്ന ഇന്ത്യക്കാരനായ ഡ്രൈവർക്ക് കഴിഞ്ഞ 2 വർഷത്തിനിടയിൽ ഗതാഗതനിയമ ലംഘന കുറ്റങ്ങൾക്കു വിധിച്ച 1,14000 ഡോളർ പിഴശിക്ഷ കോടതി റദ്ദാക്കി. ടോളുകൾ അടയ്ക്കാതിരിക്കുക, പാർക്കിങ്ങ്-ഗതാഗത നിയമ ലംഘനങ്ങൾ തുടങ്ങിയ കുറ്റങ്ങൾക്കാണ് പിഴ ചുമത്തിയിരുന്നത്.
സ്വന്തമായി വീടില്ലാത്തതിനാൽ ഇയാൾ കാറിലാണ് കഴിഞ്ഞിരുന്നതെന്നും അതിനാൽ അധികൃതർ അയച്ച കത്തുകളൊന്നും കൈപ്പറ്റാൻ സാധിച്ചില്ലെന്നും ഡ്രൈവറുടെ അഭിഭാഷകൻ ബെർണി ബാൽമർ ഗീലോംഗ് മജിസ്രേട്ട് കോടതിയെ ബോധിപ്പിച്ചു. കൂടാതെ ടോളുകൾ ഓട്ടോമാറ്റിക്കായി അടയ്ക്കുന്ന ഇ-ടാഗിനെ കുറിച്ച് ഡ്രൈവർക്ക് അറിവുണ്ടായിരുന്നില്ലെന്നും ഇന്ത്യയിൽ ടോളുകൾ പണമായിട്ടാണ് അടക്കുന്നതെന്നും അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു.
കേസ് പരിഗണിച്ച കോടതി ആദ്യത്തെതാണെന്ന പരിഗണനയിൽ ഡ്രൈവർക്ക് മാപ്പു നൽകുകയും തുടർന്ന് മുഴുവൻ പിഴയും റദ്ദാക്കുകയും ചെയ്തു. രാജ്യത്ത് പുതിയതായി എത്തുന്ന ഡ്രൈവർമാർക്ക് ഈ കോടതി വിധി ചീത്ത ഉദാഹരണമാണെന്ന് ഓസ്ട്രേലിയൻ റോഡ് സേഫ്റ്റി ഫൗണ്ടേഷൻ ആരോപിച്ചു. ഒരു രാജ്യത്തെ റോഡുകൾ ഉപയോഗിക്കുന്നവർക്ക് ആ രാജ്യത്തിന്റെ റോഡുനിയമങ്ങൾ പാലിക്കാൻ ബാധ്യതയുണ്ടെന്ന് ഫൗണ്ടേഷൻ അംഗമായ റസൽ വൈറ്റ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.