
ദുബായ്: അടുത്ത അധ്യയന വര്‍ഷം സ്കൂള്‍ ഫീസ് 2.4 ശതമാനം മുതല്‍ 4.8 ശതമാനം വരെ വര്‍ധിക്കുമെന്ന് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ദുബായ് സ്കൂളുകളുടെ റേറ്റിങ് പുറത്തുവിട്ടതോടെയാണ് ഫീസ് വര്‍ധിക്കുമെന്ന വിലയിരുത്തല്‍. സര്‍ക്കാറിന്റെ സ്കൂള്‍ റേറ്റിങ്- വിദ്യാഭ്യാസ ചെലവ് സൂചികയ്ക്ക് (ഇ.സി.ഐ) അനുസൃതമായിട്ടായിരിക്കും ഓരോ സ്കൂളുകളിലെയും ഫീസ് വര്‍ധിക്കുക. 2017 സെപ്റ്റംബറിലാണ് അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നത്.
ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ കണക്കാക്കിയ ഇ.സി.ഐക്ക് അനുസൃതമായാണ് സ്കൂള്‍ ഫീസ് വര്‍ധന പ്രഖ്യാപിക്കുക. 2.4 ശതമാനം ഏറ്റവും പുതിയ ഇ.സി.ഐ ആയി നിര്‍ണയിച്ച് ഓരോ സ്കൂളുകളുടെയും റേറ്റിങ്ങിന് അനുസരിച്ച് 4.8 ശതമാനം വരെ ഫീസ് ഉയര്‍ത്താനാണ് അനുമതിയുള്ളത്. വിശിഷ്ട റേറ്റിങ്ങുള്ള സ്കൂളുകള്‍ക്ക് ഇ.സി.ഐയുടെ ഇരട്ടി വരെ (4.8 ശതമാനം) ഫീസ് വര്‍ധിപ്പിക്കാന്‍ യോഗ്യതയുണ്ട്. വളരെ മികച്ച റേറ്റിങ്ങുള്ളവര്‍ക്ക് 4.2 ശതമാനവും മികച്ചവയ്ക്ക് 3.6 ശതമാനവും സംതൃപ്തകരമായ റേറ്റിങ്ങുളള സ്കൂളുകള്‍ക്ക് 3.6 ശതമാനവും ഫീസ് വര്‍ധിപ്പിക്കാം. മോശം റേറ്റിങ്ങുള്ളവയ്ക്കും വളരെ മോശം റേറ്റിങ്ങുള്ളവയ്ക്കും 2.4 ശതമാനം ഫീസ് ഉയര്‍ത്താനും അനുമതിയുണ്ട്.
വൈജ്ഞാനിക-മാനവ വികസന അതോറിറ്റി (കെ.എച്ച്.ഡി.എ) വാര്‍ഷിക പരിശോധനകള്‍ പൂര്‍ത്തിയാക്കി പ്രഖ്യാപിച്ച പുതിയ സ്കൂള്‍ റേറ്റിങ്ങുകള്‍ www.khda.gov.ae വെബ്സൈറ്റില്‍ ലഭ്യമാണ്. പരിശോധന നടത്തിയ 159 സ്കൂളുകളില്‍ 16 എണ്ണത്തിന് വിശിഷ്ട റേറ്റിങ്ങും 14 എണ്ണത്തിന് വളരെ മികച്ച റേറ്റിങ്ങും 69 എണ്ണത്തിന് മികച്ച റേറ്റിങ്ങും ഉണ്ട്. ഒരു സ്കൂളിനും വളരെ മോശം റേറ്റിങ് ഇല്ല. എന്നാല്‍ 16 വിശിഷ്ട റേറ്റിങ് സ്കൂളുകളില്‍ പത്തെണ്ണവും ബ്രിട്ടീഷ് സ്കൂളുകളാണ്. അതേസമയം അനുമതിയുണ്ടെങ്കിലും ഫീസ് വര്‍ധിപ്പിക്കേണ്ടെന്നാണ് ചില സ്കൂളുകളുടെ തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.