ലോകത്തെ മുൻനിര ഗവേഷകർ അടക്കമുള്ളവരെ രാജ്യത്ത് സേവനമനുഷ്ഠിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ വിസ പരിഷ്കാരങ്ങൾ കാരണമാകുന്നു
സിഡ്നി: 457 വിസ നിർത്തലാക്കിയതടക്കമുള്ള വിസ പരിഷ്കാരങ്ങൾ ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയാകുന്നു. സ്വദേശികളെക്കൊണ്ട് നികത്താനാകാത്ത തസ്തികകളിൽ മാത്രം വിദേശികളെ നിയമിക്കുകയെന്നതു ലക്ഷ്യമാക്കിയാണു ഫെഡറർ സർക്കാർ വിസ പരിഷ്കാരങ്ങൾ കൊണ്ടുവന്നതെങ്കിലും ഫലത്തിൽ ലോകത്തെ മുൻനിര ഗവേഷകർ അടക്കമുള്ളവരെ രാജ്യത്ത് സേവനമനുഷ്ഠിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ കൂടി തീരുമാനം കാരണമാകുകയാണ്.
ഓസ്ട്രേലിയയിൽ ഗവേഷണം നടത്തുന്ന പാപ്പിലോന വൈറസ് വാക്സിൻ കണ്ടെത്തിയ സ്കോട്ടുലാൻഡുകാരനായ ഇയാൻ ഫ്രാസർ, എച്ച്ഐവിയ്ക്കു മരുന്നു കണ്ടെത്താനുള്ള ഗവേഷണത്തിൽ ഏർപ്പെടുന്ന അമേരിക്കൻ ശാസ്ത്രജ്ഞ സാറ പാമർ എന്നിവരെല്ലാം ഇതിനോടകം തന്നെ ആശങ്ക പ്രകടിച്ചുകഴിഞ്ഞു. വിസ പരിഷ്കാരങ്ങൾ ഓസ്ട്രേലിയൻ നിന്നുകൊണ്ട് ഗവേഷണത്തിൽ ഏർപ്പെടുന്നതിനു തടസ്സമാകുമോയെന്ന കാര്യത്തിലാണു ഗവേഷകർക്കു ആശങ്ക.
വിവിധ മേഖലയിലെ വിദഗ്തരെ രാജ്യത്തേക്കു കൊണ്ടു വരാൻ നോക്കുമ്പോൾ പലരും ഇതേ ആശങ്ക പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്നു ഓസ്ട്രേലിയൻ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ടോണി കണ്ണിംഗ്ഹാം പറയുന്നു. ഗവേഷകർക്കു ജോലിയിൽ സ്ഥിരത ഉറപ്പുവരുത്തുമ്പോൾ മാത്രമേ ഒരു പ്രത്യേക ഗവേഷണപ്രക്രിയയിൽ തങ്ങളുടെ പ്രവർത്തനം കേന്ദ്രീകരിക്കാൻ സാധിക്കുകയുള്ളൂ. നിലവിൽ ദീർഘകാലവിസകൾ പലതും നിർത്തലാക്കുകയും വെട്ടിച്ചുരുക്കുകയും ചെയ്ത സാഹചര്യത്തിൽ ഗവേഷകർ രാജ്യത്തേക്കു വരാൻ അമിതതാല്പര്യം കാണിക്കുന്നില്ലെന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.