Currency

ദുബായില്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ കാര്‍ വാടകയ്ക്ക്; സംവിധാനത്തിന് മികച്ച പ്രതികരണം

സ്വന്തം ലേഖകന്‍Monday, May 29, 2017 4:43 pm

ദുബായ്: ദുബായില്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ കാര്‍ വാടകയ്ക്ക് നല്‍കുന്ന സംവിധാനത്തിന് മികച്ച പ്രതികരണം. ദുബായ് ആര്‍.ടി.എ തുടക്കമിട്ട സ്മാര്‍ട്ട് കാര്‍ സംവിധാനമാണ് നേട്ടം കൈവരിക്കുന്നത്. വാഹനം വാടകയ്ക്ക് എടുക്കുന്ന ഉപഭോക്താവ് വാഹനത്തില്‍ പെട്രോള്‍ അടിക്കാന്‍ പോലും പണം നല്‍കേണ്ടതില്ല എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

ഡ്രൈവിങ് ലൈസന്‍സും ക്രെഡിറ്റ് കാര്‍ഡും സ്വന്തമായുള്ള ആര്‍ക്കും വിവരങ്ങള്‍ യു ഡ്രൈവ്, ഇ കാര്‍ എന്നീ മൊബൈല്‍ ആപ്പിലോ, വെബ്‌സൈറ്റിലോ ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കാറുകള്‍ വാടകയ്ക്ക് എടുക്കാവുന്നതാണ്. കാര്‍ ലഭിക്കുന്ന സ്ഥലങ്ങള്‍ ആപ്പില്‍ അറിയാം. മണിക്കൂര്‍ അടിസ്ഥാനത്തിലോ മിനിറ്റ് അടിസ്ഥാനത്തിലോ ഇഷ്ടമുള്ള കാര്‍ ബുക്ക് ചെയ്യാം. തെരഞ്ഞെടുക്കുന്ന കാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി തുറക്കാം. അകത്ത് കയറി ഈ ഉപകരണത്തില്‍ പിന്‍നമ്പര്‍ അടിക്കുന്നതോടെ കാര്‍ ഓടിച്ചു തുടങ്ങുകയും ചെയ്യാം.

വാഹനം ഉപയോഗിച്ച സമയത്തിനുള്ള തുക ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് ഈടാക്കും. അതേസമയം യാത്ര തുടങ്ങിയ അതേ സ്ഥലത്ത് വാഹനം തിരിച്ചെത്തിക്കേണ്ടതില്ലെന്നതിനാല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സമയലാഭവും ലഭിക്കും. സ്മാര്‍ട്ട് കാറുകള്‍ പ്രമുഖ മെട്രോ, ബസ് സ്റ്റേഷനിലെല്ലാം വാടകയ്ക്ക് ലഭ്യമാണ്. എന്നാല്‍ ദുബായ് എമിറേറ്റിനകത്ത് മാത്രമേ കാര്‍ ഓടിക്കാവൂ എന്ന പരിമിതിയുണ്ട്. എങ്കിലും കുറഞ്ഞ സമയത്തിനകം സ്മാര്‍ട്ട് കാര്‍ ജനപ്രീതി നേടുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x