Currency

ഖത്തര്‍ പ്രതിസന്ധി; ചര്‍ച്ചകള്‍ക്കായി കുവൈത്ത് അമീര്‍ ദുബായിലെത്തി

സ്വന്തം ലേഖകന്‍Thursday, June 8, 2017 11:32 am

ദുബായ്: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്കായി കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ദുബായിലെത്തി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കുവൈത്ത് അമീര്‍ യുഎഇ നേതൃത്വത്തെ കണ്ടത്. നേരത്തെ ഒമാന്‍ വിദേശകാര്യമന്ത്രി യൂസഫ് ബിന്‍ അലാവി കുവൈത്തിലെത്തി അമീറുമായി ചര്‍ച്ച നടത്തിയിരുന്നു. അതേസമയം ചര്‍ച്ചയ്ക്കു തയാറാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി അറിയിച്ചതും ശുഭസൂചനയായി.

ഖത്തറില്‍ ജനജീവിതം സാധാരണനിലയിലാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെയും ഫോണില്‍ വിളിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാന്‍ സന്നദ്ധമാണെന്നു അറിയിച്ചു. എന്നാല്‍ പുറത്തുനിന്നു സഹായം വേണ്ടെന്നും ഗള്‍ഫ് രാജ്യങ്ങള്‍ തന്നെ പ്രശ്‌നം കൈകാര്യം ചെയ്തുകൊള്ളാമെന്നുമുള്ള നിലപാടാണ് സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ സ്വീകരിച്ചത്.

അതേസമയം, പെരുന്നാളിനു മുന്‍പു പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ക്കിടയിലും സൗദിയും യുഎഇയും ബഹ്‌റൈനും കര്‍ശന നിലപാടില്‍ അയവു വരുത്തിയിട്ടില്ല. സമൂഹ മാധ്യമങ്ങളിലൂടെയോ, മറ്റേതെങ്കിലും ആശയവിനിമയ മാര്‍ഗങ്ങളിലൂടെയോ ഖത്തറിനോട് അനുഭാവമോ, ചായ്‌വോ പ്രകടിപ്പിച്ചാല്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നു യുഎഇ മുന്നറിയിപ്പു നല്‍കി.

കുവൈത്ത് അമീര്‍ വിവിധ രാഷ്ട്രങ്ങള്‍ക്കിടയിലെ അഭിപ്രായഭിന്നതകള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുന്നത് ഇതാദ്യമായല്ല. നേരത്തെ സൗദി, ബഹ്‌റൈന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ 2014ലും ഖത്തറുമായി നയതന്ത്രബന്ധം വിച്ഛേദിച്ചപ്പോഴും സമദൂര നിലപാടായിരുന്നു കുവൈത്ത് സ്വീകരിച്ചത്. കുവൈത്ത് പുലര്‍ത്തിപ്പോരുന്ന സമദൂര നിലപാടുകള്‍ ജി.സി.സി ഐക്യത്തിന് കരുത്തുപകര്‍ന്നിട്ടുണ്ട്. അംഗരാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുടക്കംമുതലേ മധ്യസ്ഥ ശ്രമങ്ങളുമായി കുവൈത്ത് മുന്നിലുണ്ടായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x