Currency

യുെനസ്‌കോയുടെ ‘വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍’ പട്ടം ഷാര്‍ജയ്ക്ക്

സ്വന്തം ലേഖകന്‍Wednesday, June 28, 2017 12:41 pm

മികച്ച സാഹിത്യ-സാംസ്‌കാരിക പരിപാടികളും രാജ്യത്തെ മുഴുവനാളുകളിലേക്കും പുസ്തകങ്ങള്‍ എത്തിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ഷാര്‍ജയ്ക്ക് ഈ ബഹുമതിക്കുള്ള അവസരമൊരുക്കിയത്. ഈ ബഹുമതി സ്വന്തമാക്കുന്ന ജി.സി.സി.യിലെ ആദ്യ നഗരം കൂടിയാണ് ഷാര്‍ജ.

ഷാര്‍ജ: 2019 ലെ ‘വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍’ ആയി യുെനസ്‌കോ ഷാര്‍ജയെ തിരഞ്ഞെടുത്തു. മികച്ച സാഹിത്യ-സാംസ്‌കാരിക പരിപാടികളും രാജ്യത്തെ മുഴുവനാളുകളിലേക്കും പുസ്തകങ്ങള്‍ എത്തിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ഷാര്‍ജയ്ക്ക് ഈ ബഹുമതിക്കുള്ള അവസരമൊരുക്കിയത്. ഈ ബഹുമതി സ്വന്തമാക്കുന്ന ജി.സി.സി.യിലെ ആദ്യ നഗരം കൂടിയാണ് ഷാര്‍ജ. സാഹിത്യ മികവിന് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത് വലിയൊരു അംഗീകാരമായി കരുതുന്നുവെന്ന് എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു.

42,000 സ്വദേശി കുടുംബങ്ങള്‍ക്ക് അതിരുകളില്ലാത്ത അറിവ് അഥവാ നോളജ് വിത്തൗട്ട് ബോര്‍ഡേഴ്സ് എന്ന സംരംഭം വഴി വീടുകളില്‍ ലൈബ്രറി ഒരുക്കിക്കൊടുത്തു. വിവിധ പദ്ധതിപ്രകാരം എമിറേറ്റിലെ 5000 നവജാത ശിശുക്കള്‍ക്ക് ഹെല്‍ത്ത് സെന്ററുകള്‍ വഴി പുസ്തകങ്ങള്‍ സമ്മാനിച്ചു. കൂടാതെ വായനയ്ക്കും ഗവേഷണത്തിനും വേണ്ടി മികച്ച പബ്ലിക് ലൈബ്രറികള്‍ സജ്ജമാക്കിയും ഷാര്‍ജ മാതൃകയായി.

2001 മുതല്‍ യുനെസ്‌കോ ഓരോ വര്‍ഷവും വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ പട്ടം നല്‍കിവരുന്നുണ്ട്. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ വായനയും പുസ്തകങ്ങളും പ്രോത്സാഹിപ്പിക്കുന്ന നഗരങ്ങളെയാണ് യുനെസ്‌കോ ഇതിനായി തിരഞ്ഞെടുക്കുന്നത്. യുനെസ്‌കോയിലെ വിദഗ്ധരടങ്ങിയ അന്താരാഷ്ട്ര കമ്മിറ്റിയുടെ യോഗത്തിനു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x