Currency

ഷാര്‍ജയില്‍ നിര്‍മാണ തൊഴിലാളികള്‍ക്ക് ആശ്വാസമായി ദാഹജലമെത്തിക്കാന്‍ പദ്ധതി

സ്വന്തം ലേഖകന്‍Wednesday, July 26, 2017 2:31 pm

പദ്ധതി ഓഗസ്റ്റ് 27 വരെ തുടരും. ഷാര്‍ജ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സുലാല്‍ വാട്ടര്‍ കമ്പനി ക്യാംപെയ്‌നായി 7500 കുപ്പി വെള്ളം നല്‍കും. ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണു തൊഴിലാളികള്‍ക്കു കുടിവെള്ളം എത്തിക്കുന്നത്.

ഷാര്‍ജ: കടുത്തചൂടില്‍ ജോലിചെയ്യുന്ന തൊഴിലാളിക്ക് ആശ്വാസമാകുന്ന ‘മൈനസ് വണ്‍ ഡിഗ്രി’ ക്യാംപെയ്ന്‍ നാളെ ആരംഭിക്കും. നിര്‍മാണമേഖലയിലെ തൊഴിലാളികള്‍ക്കു കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് ‘മൈനസ് വണ്‍ ഡിഗ്രി’ ക്യാംപെയ്ന്‍. റേഡിയോ മാംഗോയുമായി ചേര്‍ന്ന് അല്‍ ലീം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ആണ് പദ്ധതി സംഘടിപ്പിക്കുന്നത്.

പദ്ധതി ഓഗസ്റ്റ് 27 വരെ തുടരും. ഷാര്‍ജ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സുലാല്‍ വാട്ടര്‍ കമ്പനി ക്യാംപെയ്‌നായി 7500 കുപ്പി വെള്ളം നല്‍കും. ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണു തൊഴിലാളികള്‍ക്കു കുടിവെള്ളം എത്തിക്കുന്നത്. ഇത് മാതൃകയാക്കി പൊതു, സ്വകാര്യ മേഖലാ സ്ഥാപനങ്ങളും കമ്പനികളും രംഗത്തുവരികയാണെങ്കില്‍ ആയിരക്കണക്കിനു തൊഴിലാളികള്‍ക്ക് ആശ്വാസമാകുമെന്നും അല്‍ലീം റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോക്ടര്‍ റാഷിദ് അല്‍ ലീം പറഞ്ഞു.

അല്‍ലീം റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ നല്‍കുന്ന കുടിവെള്ളം റേഡിയോ മാംഗോ പ്രവര്‍ത്തകര്‍ വിവിധ നിര്‍മാണ കേന്ദ്രത്തിലെത്തി വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ശ്രോതാക്കള്‍ക്കും പദ്ധതിയില്‍ പങ്കുചേരാന്‍ അവസരമുണ്ട്. പദ്ധതിയില്‍ പങ്കാളിയാകുന്ന ശ്രോതാക്കളുടെ ഭാഗത്തുള്ള തൊഴിലാളികള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും ലഭിച്ചാല്‍ അവ റേഡിയോ മാംഗോയുടെയും അല്‍ലീം റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് സെന്ററിന്റെയും വെബ്‌സൈറ്റിലും സമൂഹ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്യുമെന്നും അറിയിച്ചു.

രണ്ടാം തവണയാണ് റേഡിയോ മാംഗോ മൈനസ് വണ്‍ ഡിഗ്രി ക്യാംപെയിനില്‍ പങ്കെടുക്കുന്നത്. പദ്ധതിയുടെ പ്രചാരണത്തിനായി രണ്ട് ഹോട്ട് ലൈന്‍ നമ്പറും (050 6358844, 04 2968825) ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടിവെള്ളം എത്തിക്കേണ്ട സൈറ്റുകളെക്കുറിച്ചു ശ്രോതാക്കള്‍ക്ക് ഹോട്ട് ലൈനില്‍ വിവരം അറിയിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x