Currency

ഷാര്‍ജയില്‍ ഗതാഗത നിയമലംഘകരെ പിടികൂടാന്‍ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കുന്നു

സ്വന്തം ലേഖകന്‍Wednesday, August 2, 2017 12:40 pm

ഷാര്‍ജ: എമിറേറ്റില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ പിടികൂടാന്‍ പുതിയ സ്മാര്‍ട്ട് ക്യാമറകള്‍ ഷാര്‍ജ പൊലീസ് സ്ഥാപിക്കുന്നു. നൂതന സാങ്കേതിക സംവിധാനങ്ങളില്‍ നിര്‍മിച്ച ക്യാമറകളാണ് സ്ഥാപിക്കുന്നത്. വാഹനാപകടങ്ങള്‍ മൂലമുള്ള മരണ നിരക്ക് കുറയ്ക്കുക നിയമലംഘനങ്ങള്‍ നിയന്ത്രിക്കുക തുടങ്ങി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനാണ് പുതിയ ക്യാമറകള്‍ എമിറേറ്റിലെ എല്ലാ റോഡുകളിലും സ്ഥാപിക്കുന്നതെന്ന് ഷാര്‍ജ ഗതാഗത വകുപ്പ് തലവന്‍ മേജര്‍ മുഹമ്മദ് അല്‍ നഖ്ബി അറിയിച്ചു.

മുന്നിലുള്ള വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിച്ചില്ലെങ്കില്‍ പുതിയ ക്യാമറ നിയമലംഘനം രേഖപ്പെടുത്തും. ചരക്ക് വാഹനങ്ങള്‍ നിര്‍ദിഷ്ട ലൈന്‍ തെറ്റിക്കുന്നതും വാഹനങ്ങളെ അനധികൃതമായി മറികടക്കുന്നതും ക്യാമറയില്‍ പതിയും. ഡ്രൈവറും സഹയാത്രികരും സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെങ്കിലും ക്യാമറകളില്‍ കുടുങ്ങും. കൂടാതെ വാഹനം ഓടിക്കുന്നവര്‍ മൊബൈല്‍ ഫോണ്‍ കൈയിലെടുത്താലും ക്യാമറ നിയമലംഘനം പകര്‍ത്തിവയ്ക്കുമെന്നു അല്‍നഖ്ബി വിശദീകരിച്ചു.

നിയമലംഘകര്‍ക്ക് കടുത്ത പിഴ കിട്ടുന്ന വിധം വാഹനത്തിന്റെ അമിത വേഗം അതിസൂക്ഷ്മാമായാണ് പുതിയ ക്യാമറ പകര്‍ത്തുക. സ്വന്തം ജീവന്‍ മാത്രമല്ല മറ്റുള്ളവരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്ന വിധം ട്രാഫിക് നിയമങ്ങള്‍ പാലിച്ചു വാഹനമോടിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് മേജര്‍ അല്‍ നഖ്ബി ഓര്‍മിപ്പിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x