Currency

തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് വിമാനാപകടം യന്ത്രത്തകരാര്‍ മൂലമല്ലെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Monday, August 7, 2017 10:59 am

ദുബായ്: തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട എമിറേറ്റ്സ് ബോയിങ് 777-300 എയര്‍ക്രാഫ്റ്റ് 2016 ഓഗസ്റ്റില്‍ ദുബായ് വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ടത് വിമാനത്തിന്റെ യന്ത്രത്തകരാര്‍ മൂലമല്ലെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് അപകടത്തിനു കാരണം വിമാനത്തിന്റെ യന്ത്രത്തകരാറല്ലെന്ന വിശദീകരണമുള്ളത്. വിമാനം ഇറക്കാന്‍ ശ്രമിച്ച പൈലറ്റിന്റെ തീരുമാനങ്ങളെ സ്വാധീനിച്ച പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇടക്കാല റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് കഴിഞ്ഞ ആഗസ്റ്റ് മൂന്നിനുണ്ടായ വിമാനാപകടത്തെ കുറിച്ച് രണ്ടാമത് ഇടക്കാല റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിമാനത്തിന്റെ യന്ത്രഭാഗങ്ങളും എഞ്ചിനും നിര്‍മിച്ച വിദഗ്ധരുടെ കൂടി സഹകരണത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്. വിമാനത്തിന്റെ യന്ത്രഭാഗങ്ങള്‍ക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്ന് പരിശോധനകളില്‍ വ്യക്തമായിട്ടുണ്ട്. വിമാനത്തിലേക്ക് കൈമാറിയ കാലാവസ്ഥാ വിവരങ്ങള്‍, സുരക്ഷാനിര്‍ദേശങ്ങള്‍ എന്നിവ പരിശോധിച്ചു. ലാന്റിങ് സമയത്ത് വിമാനം നിയന്ത്രിച്ചിരുന്ന സ്വദേശി പൈലറ്റിനെ സ്വാധീനിച്ച പ്രശ്‌നങ്ങള്‍ എന്തായിരുന്നു എന്ന അന്വേഷണം പുരോഗമിക്കുകയാണ്.

ഓഗസ്റ്റ് മൂന്നിനു 18 ജീവനക്കാരും 282 യാത്രക്കാരുമായി തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട വിമാനം അപകടത്തില്‍പെട്ട് 30 പേര്‍ക്കാണ് പരിക്കേറ്റതെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. നേരത്തേ 24 പേര്‍ക്കാണ് പരിക്ക് എന്നായിരുന്നു കണക്ക്. 21 യാത്രക്കാര്‍, ഒരു പൈലറ്റ് നാല് കാബന്‍ ക്രൂ എന്നിവര്‍ക്കായിരുന്നു പരിക്കെന്ന് പുതിയ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. അപകടം സംബന്ധിച്ച ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണെന്ന് എമിറേറ്റ്‌സ് വിമാന കമ്പനിയും അറിയിച്ചു.

വിമാനം ആദ്യം റണ്‍വേയില്‍ തൊട്ടതിനുശേഷം വീണ്ടുംപറന്നുയരാന്‍ ശ്രമിച്ചെന്നും ആ ശ്രമത്തിനിടെ ഇടിച്ചിറങ്ങുകയായിരുന്നെന്നും യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ (ജിസിഎഎ) വ്യോമ അപകട അന്വേഷണ വിഭാഗം തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ലാന്‍ഡിങ്ങിന്റെ അവസാന നിമിഷങ്ങളില്‍ കാറ്റിന്റെ ഗതിയിലും വേഗത്തിലും മാറ്റമുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x