Currency

അബുദാബിയില്‍ കുറഞ്ഞ വരുമാനക്കാര്‍ക്ക് താമസയിടം; പദ്ധതിയുമായി നഗരസഭ

സ്വന്തം ലേഖകന്‍Monday, August 7, 2017 2:50 pm

ബാച്ച്‌ലര്‍ താമസക്കാര്‍ക്ക് മാസം 700 ദിര്‍ഹം മുതല്‍ 1400 ദിര്‍ഹം വരെയും കുറഞ്ഞവരുമാനക്കാരായ കുടുംബങ്ങള്‍ക്ക് മാസം 1400 ദിര്‍ഹം മുതല്‍ 2100 ദിര്‍ഹം വരെയും വാടക ഈടാക്കുന്ന താമസസ്ഥലങ്ങള്‍ നിര്‍മിക്കാനാണ് അബൂദബി മുനിസിപ്പാലിറ്റിയുടെ പദ്ധതി.

അബുദാബി: തലസ്ഥാന എമിറേറ്റില്‍ കുറഞ്ഞ വരുമാനക്കാര്‍ക്കായി പുതിയ ഹൗസിങ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നു. അബൂദബി മുനിസിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഉയര്‍ന്ന വാടക തലവേദന സൃഷ്ടിക്കുന്ന അബൂദബിയിലെ പ്രവാസികള്‍ക്ക് പദ്ധതി ഏറെ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. പ്രതിമാസം 700 ദിര്‍ഹം വാടക നിരക്ക് മുതലുള്ള പാര്‍പ്പിട സൗകര്യമാണ് ഒരുങ്ങുന്നത്. പാര്‍പ്പിട വാടക വ്യക്തിഗത വരുമാനത്തിന്റെ 35 ശതമാനത്തിലധികമാകരുതെന്നതാണു ലക്ഷ്യം.

ബാച്ച്‌ലര്‍ താമസക്കാര്‍ക്ക് മാസം 700 ദിര്‍ഹം മുതല്‍ 1400 ദിര്‍ഹം വരെയും കുറഞ്ഞവരുമാനക്കാരായ കുടുംബങ്ങള്‍ക്ക് മാസം 1400 ദിര്‍ഹം മുതല്‍ 2100 ദിര്‍ഹം വരെയും വാടക ഈടാക്കുന്ന താമസസ്ഥലങ്ങള്‍ നിര്‍മിക്കാനാണ് അബൂദബി മുനിസിപ്പാലിറ്റിയുടെ പദ്ധതി. ബാച്ച്ലര്‍ താമസക്കാര്‍ തിങ്ങിഞെരുങ്ങുന്ന അനധികൃത താമസം തടയാനും പദ്ധതി സഹായിക്കും.

പ്രതിമാസം 4000 മുതല്‍ 6000 ദിര്‍ഹം വരെ ശമ്പളമുള്ള കുറഞ്ഞ വരുമാനക്കാര്‍ക്ക് കുടുംബ സമേതം താമസിക്കാന്‍ 1400 ദിര്‍ഹം മുതല്‍ 2100 ദിര്‍ഹം വരെ വാടകയ്ക്കു വീടൊരുക്കാനും നീക്കമുണ്ട്. വര്‍ഷത്തില്‍ 48,000 ദിര്‍ഹം മുതല്‍ 72,000 ദിര്‍ഹം വരെ വാര്‍ഷിക വരുമാന ഉള്ളവര്‍ക്ക് 16,800 ദിര്‍ഹം മുതല്‍ 25,000 ദിര്‍ഹം വരെ വാടക വരുന്ന പാര്‍പ്പിടം നല്‍കാവുന്ന ശ്രമമാണ് നടത്തുന്നത്. രണ്ടാമത്തെ വിഭാഗത്തിലെ പാര്‍പ്പിടം സ്ഥിര വരുമാനമുള്ള ബാച്ച്ലര്‍മാര്‍ക്കാണ്.

പ്രതിമാസ വരുമാനം 2,000 ദിര്‍ഹം മുതല്‍ 4,000 ദിര്‍ഹം വരെ വരുമാനമുള്ളവര്‍ക്ക് 700 മുതല്‍ 1400 ദിര്‍ഹം വരെ വാടകയില്‍ പാര്‍പ്പിടം നല്‍കും. വാര്‍ഷിക ശമ്പളം 24,000 ദിര്‍ഹം മുതല്‍ 48,000 ദിര്‍ഹം വരെയുള്ളവര്‍ക്ക് പ്രതിവര്‍ഷം 8400 മുതല്‍ 16800 ദിര്‍ഹം വരെ വാടകയില്‍ പാര്‍പ്പിട സൗകര്യവും ഒരുക്കും.

ഇത്തരം കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് ചില ഇളവുകളും നിര്‍മാതാക്കള്‍ക്ക് അനുവദിക്കും. ബാച്ച്‌ലര്‍മാര്‍ക്കായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ് ഇടങ്ങള്‍ വേണ്ടില്ല തുടങ്ങിയ ഇളവുകളാണ് മുനിസിപ്പാലിറ്റി പരിഗണിക്കുന്നത്. നിലവിലെ പദ്ധതികള്‍ കുറഞ്ഞവരുമാനക്കാര്‍ക്കായി മാറ്റാനും അവസരമുണ്ടാകും. റിയല്‍എസ്റ്റേറ്റ് മേഖലയിലെ അനധികൃത പ്രവണതകള്‍ തടയാന്‍ കൂടി ലക്ഷ്യമിട്ടാണ് ഈ പദ്ധതി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x