
സിഡ്നി: ഓസീസ് പൗരത്വത്തിനു പുറമേ ബ്രിട്ടീഷ് പൗരത്വവുമുണ്ടെന്ന ആരോപണം നിഷേധിച്ച് ഓസീസ് നിയമ മന്ത്രി മൈക്കിള്‍ കീനൺ. ഇരട്ടപൗരത്വമുള്ളവർക്ക് എംപി സ്ഥാനം വഹിക്കാനാവില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി കീനണെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ആരോപണങ്ങൾ നിഷേധിച്ച് അദ്ദേഹം രംഗത്തെത്തിയത്.
2004ൽ പാർലമെന്റ് അംഗം ആകും മുമ്പുതന്നെ താൻ ബ്രിട്ടീഷ് പൗരത്വം ഉപേക്ഷിച്ചിരുന്നുവെന്നാണു കീനൺ നൽകുന്ന വിശദീകരണം.ഓസ്ട്രേലിയൻ പൗരനാണ് താനെന്നും, തനിക്ക് ഇരട്ട പൗരത്വമില്ലെന്നും കീനൺ ട്വിറ്ററിൽ കുറിച്ചു. അതേസമയം തന്റെ വാദം തെളിയിക്കുന്ന രേഖകൾ പുറത്തുവിടാൻ അദ്ദേഹം തയാറായിട്ടില്ല.
കീനൺ ജനിച്ചത് ഓസ്ട്രേലിയയിലാണ്. അദ്ദേഹത്തിന്റെ പിതാവ് ദുര്‍ഹാമിൽ നിന്ന് ഓസ്ട്രേലിയയിൽ കുടിയേറിയ ആളായിരുന്നു. ഇരട്ട പൗരത്വമുണ്ടെന്ന ആരോപണം നേരിടുന്ന മൂന്നാമത്തെ ഓസീസ് മന്ത്രിയാണ് കീനൺ. നേരത്തെ, ഓസ്ട്രേലിയൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ബാർനബി ജോയിസ്, വിഭവശേഷി മന്ത്രി മാറ്റ് കാനവൻ എന്നിവർ സമാന ആരോപണം നേരിട്ടിരുന്നു.
നിയമപ്രകാരം ഇരട്ട പൗരത്വമുണ്ടെന്ന് തെളിഞ്ഞാൽ പാർലമെന്റ് അംഗത്വം നഷ്ടപ്പെടും. രണ്ടു സെനറ്റർമാർക്ക് ഈയിടെ ഇരട്ടപൗരത്വത്തിന്റെ പേരിൽ രാജിവെക്കേണ്ടി വന്നിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.