
അബുദാബി: രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 12.2 കോടി രൂപ (70 ലക്ഷം ദിര്‍ഹം) യുടെ സമ്മാനം ലഭിച്ച മാനേക്കുടി മാത്യു വര്‍ക്കിയെ കണ്ടെത്തി. എറണാകുളം പെരുമ്പാവൂര്‍ കുറുപ്പംപടി വേളൂര്‍ സ്വദേശിയായ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണ് നശിച്ചതുകൊണ്ടാണ് ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ കഴിയാതിരുന്നത്. ഈ മാസം 17ന് യുഎഇയില്‍ തിരിച്ചെത്തുന്ന അദ്ദേഹം സമ്മാനം കൈപ്പറ്റും.
മാത്യു വര്‍ക്കിയെ കണ്ടെത്താനായില്ലെന്നും ആറ് മാസത്തിനകം സമ്മാന ടിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ പണം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത കണ്ട് ബന്ധുക്കള്‍ മാത്യു വര്‍ക്കിയുടെ വീട്ടില്‍ വിവരം അറിയിച്ചു. മാത്യു വര്‍ക്കി അല്‍ഐനിലുള്ള കൂട്ടുകാരുമായി ബന്ധപ്പെടുകയും അവര്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് മാത്യുവിന്റെ നാട്ടിലെ ഫോണ്‍ നമ്പര്‍ നല്‍കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ ബിഗ് ടിക്കറ്റ് അധികൃതര്‍ മാത്യു വര്‍ക്കിയെ ഫോണില്‍ ബന്ധപ്പെട്ടു.
കഴിഞ്ഞ 33 വര്‍ഷമായി യുഎഇയിലുള്ള മാത്യു വര്‍ക്കി അല്‍ഐന്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. കൂടെ താമസിക്കുന്ന കര്‍ണാടക സ്വദേശി സിറിള്‍ ഡിസില്‍വ, പാകിസ്താന്‍ സ്വദേശി ദില്‍ മുറാദ് എന്നിവരുമായി ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. ദൈവം തന്ന സമ്മാനമാണ് ഇതെന്നാണ് മാത്യു വര്‍ക്കിയുടെ ആദ്യ പ്രതികരണം. ടിക്കറ്റിന് പണം മുടക്കിയ കൂട്ടുകാര്‍ക്ക് പണം തുല്യമായി വീതിച്ചു നല്‍കുമെന്ന് മാത്യു വര്‍ക്കി പറഞ്ഞു. 500 ദിര്‍ഹമുള്ള ടിക്കറ്റിന് 250 ദിര്‍ഹം മാത്യു വര്‍ക്കിയും ബാക്കി 250 ദിര്‍ഹത്തില്‍ 125 ദിര്‍ഹം വീതം കൂട്ടുകാരുമാണ് മുടക്കിയിരുന്നത്. ഈ വര്‍ഷം അവസാനത്തോടെ നാട്ടിലേയ്ക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും കുടുംബത്തോട് ആലോചിച്ച് മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മാത്യു വര്‍ക്കി പറയുന്നു.
മാത്യു വര്‍ക്കിയുടെ ഭാര്യ ചിന്നമ്മ മാത്യു അല്‍ഐന്‍ ആശുപത്രിയില്‍ നഴ്‌സാണ്. മകന്‍ ടോണി മാത്യു പഠനത്തിനായി അമേരിക്കയിലേയ്ക്ക് പോകാനൊരുങ്ങകയാണ്. പ്രത്യേക പരിചരണം ആവശ്യമുള്ള ഒരു മകളുമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന നറുക്കെടുപ്പിലാണ് 024039 എന്ന നമ്പരിലുള്ള മാത്യു വര്‍ക്കിയെടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചത്.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഒട്ടേറെ ഇന്ത്യക്കാര്‍ കോടിപതികളായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് നറുക്കെടുപ്പില്‍ 12 കോടി രൂപ സമ്മാനമായി ലഭിച്ചിരുന്നു. കഴിഞ്ഞ മാസം കൃഷ്ണറാം രാജു തൊചിച്ചു എന്ന ആന്ധ്രപ്രദേശുകാരനായിരുന്നു ആ ഭാഗ്യം കൈവന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.