Currency

ദുബായില്‍ 1420 കോടി ദിര്‍ഹമിന്റെ വന്‍കിട സൗരോര്‍ജ പദ്ധതി വരുന്നു

സ്വന്തം ലേഖകന്‍Monday, September 18, 2017 1:29 pm

ദുബായ്: ദുബായില്‍ 1420 കോടി ദിര്‍ഹമിന്റെ വന്‍കിട സൗരോര്‍ജ പദ്ധതി പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും വലിയ കോണ്‍സണ്‍ട്രേറ്റഡ് സോളാര്‍ പദ്ധതി 2020 ല്‍ കമ്മീഷന്‍ ചെയ്യും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

ദുബായ് വൈദ്യുതി, ജല അതോറിറ്റിക്ക് വേണ്ടി സൗദിയിലെ എ.സി.ഡബ്ലിയു എ പവര്‍, ചൈനിയിലെ ഷാങ്ഗായ് ഇലക്ട്രിക്ക് എന്നിവ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യമാണ് പദ്ധതി നടപ്പാക്കുന്നത്. കിലോവാട്ടിന് 26 ഫില്‍സ് എന്ന തുച്ഛ നിരക്കില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് പുതിയ പദ്ധതിയുടെ പ്രത്യേകത. പദ്ധതി പൂര്‍ത്തിയാകുന്നമതാടെ ഒറ്റ ഇടത്ത് നിന്ന് 700 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും എന്നത് മറ്റൊരു പ്രത്യേകതയാണ്.

പുതിയ സൗരോര്‍ജ പദ്ധതിയില്‍ സാധാരണ സൗരോജര്‍ പാനലുകള്‍ക്ക് പകരം വെളിച്ചം പ്രതിഫലിപ്പിക്കുന്ന ആയിരക്കണക്കിന് കണ്ണാടികള്‍ ചുറ്റിനും സ്ഥാപിക്കും. ഇതിലൂടെ വെളിച്ചവും താപവും മധ്യത്തിലെ സോളാര്‍ ടവറിലേക്ക് കേന്ദ്രീകരിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുക. ഇതിനായി ലോകത്തെ ഏറ്റവും ഉയരം കൂടി സൗരോര്‍ജ ടവറും സ്ഥാപിക്കും. 260 മീറ്ററായിരിക്കും ഈ ടവറിന്റെ ഉയരം.

ദുബയ് ശുദ്ധ ഊര്‍ജ നയം 2050 ലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പദ്ധതി. 2020 ഓടെ ദുബായുടെ ആകെ വൈദ്യുതിയില്‍ ഏഴു ശതമാനവും 2030 ഓടെ 25 ശതമാനവും 2050ഓടെ 75 ശതമാനവും ശുദ്ധ ഊര്‍ജമാക്കാനും നയം ലക്ഷ്യമിടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x