Currency

പുതിയ ടാക്സി ശൃംഖലയുമായി ദുബായ്

സ്വന്തം ലേഖകന്‍Tuesday, September 19, 2017 12:29 pm

ദുബായ്: ദുബായ് നഗരത്തില്‍ പുതിയ ടാക്സി ശൃംഖല വരുന്നു. പുതിയ മാറ്റത്തിനായി സാങ്കേതിക സംവിധാനങ്ങളുള്ള അമ്പതോളം ഇലക്ട്രിക് കാറുകളാണ് ടെസ്ലയുടെ ബാനറില്‍ ദുബായ് നിരത്തുകളില്‍ ഇറങ്ങുക. ദുബൈ ടാക്‌സി കോര്‍പറേഷനു ചുവടെയാണ് പുതിയ കാറുകള്‍ എത്തുന്നത്. സ്വയം നിയന്ത്രിത സാങ്കേതിക സംവിധാനങ്ങളുള്ള ടെസ്‌ല കാറുകള്‍ നഗരത്തിന് കൂടുതല്‍ പുതുമ പകരും.

ലോകോത്തര നഗരമായി ദുബായിയെ നിലനിര്‍ത്തുകയെന്ന വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദിന്റെ പ്രഖ്യാപനത്തിന്റെ പ്രയോഗവത്കരണം കൂടിയാണ് പുതിയ ഇലക്ട്രിക് കാറുകള്‍. പരിസ്ഥിതിയോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നു എന്നതാണ് ഈ കാറുകളുടെ ഏറ്റവും മികച്ച പ്രത്യേകത.

2019 ഓടെ ദുബൈ നിരത്തുകളില്‍ മൊത്തം 200 ഇലക്ട്രിക് കാറുകളായിരിക്കും എത്തുന്നത്. ആദ്യഘട്ടമെന്ന രീതിയിലാണ് അമ്പത് കാറുകള്‍ തുടക്കത്തില്‍ നിരത്തിലിറങ്ങുന്നത്. കാറുകള്‍ക്കായി 13 ഇലക്ട്രിക് റീ ചാര്‍ജിങ്ങ് സ്റ്റേഷനുകളും ഒരുങ്ങുന്നുണ്ട്. പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രമുഖര്‍ കാറുകളില്‍ സവാരിയും നടത്തി. കുറ്റമറ്റ സംവിധാനങ്ങളും സുരക്ഷയുമാണ് ടെസ്ല കാറുകളുടെ പ്രത്യേകത. ഡ്രൈവര്‍മാര്‍ക്ക് ആയാസരഹിതമായി വാഹനം ഓടിക്കാനാകുമെന്നത് മറ്റൊരു സവിശേഷതയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x