
ദുബായ്: യുഎഇയില്‍ ഇന്ത്യന്‍ വീട്ടുജോലിക്കാരുടെ നിയമനം നിലവിലുള്ള വ്യവസ്ഥകള്‍ അനുസരിച്ചാരിക്കുമെന്ന് അധികൃതര്‍. യുഎഇയില്‍ ഗാര്‍ഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിലാകുമെങ്കിലും സ്വദേശികളല്ലാത്തവര്‍ ഇന്ത്യന്‍ വീട്ടുജോലിക്കാരെ (ഫീമെയില്‍ ഹൗസ് ഹോള്‍ഡ് സര്‍വീസ് വര്‍ക്കേഴ്‌സ്എഫ്എച്ച്എസ്ഡബ്ല്യു) നിയമിക്കുമ്പോള്‍ ഇന്ത്യ മുന്നോട്ടുവച്ചിരിക്കുന്ന നിലവിലുള്ള വ്യവസ്ഥകള്‍ തന്നെ തുടരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
നിരവധി ഇന്ത്യന്‍ വനിതകള്‍ റിക്രൂട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പിനും ചൂഷണത്തിനും ഇരയായതിന്റെ പശ്ചാത്തലത്തിലാണു സര്‍ക്കാര്‍ ഇടപെട്ട് വ്യവസ്ഥകള്‍ നിശ്ചയിച്ചത്. തൊഴില്‍വീസ ലഭിക്കുന്ന സമയത്തു പ്രായം 30ല്‍ താഴെയാകാന്‍ പാടില്ലെന്നതാണു പ്രധാന വ്യവസ്ഥ. മാസം 1100 ദിര്‍ഹം (ഉദ്ദേശം 18,700 രൂപ) മിനിമം വേതനം, സൗജന്യ ഭക്ഷണം, താമസം, വര്‍ഷത്തില്‍ ഒരുതവണ നാട്ടിലേക്കു റിട്ടേണ്‍ ടിക്കറ്റ് ഉള്‍പ്പെടെ വിമാനടിക്കറ്റ്, തൊഴിലിനായി യുഎഇയില്‍ എത്തുമ്പോള്‍ പ്രീപെയ്ഡ് സിംകാര്‍ഡുള്ള മൊബൈല്‍ എന്നിവ നല്‍കണമെന്നും നിബന്ധനകളിലുണ്ട്.
അതേസമയം തൊഴില്‍ ഉടമയ്ക്കു തനിച്ചോ ഭാര്യയുമായി ചേര്‍ന്നോ കുറഞ്ഞത് 10,000 ദിര്‍ഹം (ഉദ്ദേശം 1,70,000 രൂപ) ശമ്പളം ഉണ്ടെങ്കില്‍ മാത്രമെ, ഇന്ത്യയില്‍നിന്ന് ഒരു വീട്ടുജോലിക്കാരിയെ നിയമിക്കാന്‍ അനുമതിയുള്ളൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.