
ദുബായ്: ദുബായില്‍ യാത്രാ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കാന്‍ മാനസികാരോഗ്യ, ഭാഷാ പരീക്ഷകള്‍ പാസാകണമെന്ന പുതുതായി ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ക്ക് വ്യാപക പിന്തുണ. വൈദ്യമേഖലയിലുള്ളവരും പുതിയ നീക്കത്തെ സ്വാഗതം ചെയ്യുകയാണ്.
മാനസികാരോഗ്യം, ഭാഷ എന്നിവ ഡ്രൈവിങ് ടെസ്റ്റിന് അനിവാര്യ ഘടകമാണെന്ന ദുബായ് ആര്‍ടിഎയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഇതിന് വേണ്ടി തയാറാക്കിയ മാന്വലുകള്‍ ഡ്രൈവിംഗ് പരിശീലന സ്ഥാപനങ്ങള്‍ക്ക് നല്‍കും. ഒക്ടോബറോടെ സ്ഥാപനങ്ങള്‍ പരിശീലനം ഈ രീതിയിലേക്ക് മാറ്റണമെന്നാണ് നിര്‍ദേശം. സുരക്ഷിതവും സുഗമവുമായ ഗതാഗതത്തിനൊപ്പം വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കര്‍ക്ക് തൃപ്തികരമായ സേവനം ഉറപ്പാക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണെന്ന് ആര്.ടി.എ അധികൃതര്‍ വ്യക്തമാക്കി.
ഇംഗ്ലീഷും അറബിയും അറിയാത്തവര്‍ക്കും ലൈസന്‍സ് ലഭിക്കുന്നത് എളുപ്പമാക്കുന്നതിനായി ലേണേഴ്സ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്കുള്ള പ്രാഥമിക പരീക്ഷയിലെ ചോദ്യങ്ങള്‍ 192 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള സംവിധാനവും ആര്.ടി.എ. ഒരുക്കിയിട്ടുണ്ട്. സ്കൈപ്പ് വഴിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. നിലവില്‍ 10 ഭാഷകളില്‍ മാത്രമാണ് ഈ സൗകര്യം ഉണ്ടായിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പരിഭാഷകരാണ് ചോദ്യങ്ങള്‍ പരിഭാഷപ്പെടുത്തി നല്‍കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.