Currency

ഒരേ കുറിപ്പില്‍ നിന്ന് നിരവധി തവണ മരുന്ന് വാങ്ങുന്നത് തടയാന്‍ കര്‍ശന നിയമം വരുന്നു

സ്വന്തം ലേഖകന്‍Wednesday, October 4, 2017 4:32 pm

യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നായി ഒരേ കുറിപ്പില്‍ നിരവധി തവണ മരുന്ന് വാങ്ങി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ദേശീയ പുനരധിവാസ കേന്ദ്രത്തിന്റെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയമാണ് ഫെഡറല്‍ തലത്തില്‍ നിയമം അവതരിപ്പിക്കുന്നത്.

അബൂദബി: ഒരേ കുറിപ്പില്‍ നിന്ന് നിരവധി തവണ മരുന്ന് വാങ്ങുന്നത് നിയന്ത്രിക്കാന്‍ കര്‍ശന നിയമം വരുന്നു. യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നായി ഒരേ കുറിപ്പില്‍ നിരവധി തവണ മരുന്ന് വാങ്ങി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ദേശീയ പുനരധിവാസ കേന്ദ്രത്തിന്റെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയമാണ് ഫെഡറല്‍ തലത്തില്‍ നിയമം അവതരിപ്പിക്കുന്നത്. നിയമം കൊണ്ടുവരാനുള്ള പദ്ധതി ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണെന്ന് ദേശീയ പുനരധിവാസ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് അല്‍ ജാഫരി പറഞ്ഞു.

ആരോഗ്യ വകുപ്പ് അധികൃതര്‍ കഴിഞ്ഞ മാസം നടത്തിയ സര്‍വേയില്‍ 80 ശതമാനത്തോളം പേര്‍ക്കും ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക്കുകള്‍ ലഭിക്കുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ രാജ്യത്ത് ഉറക്കഗുളികയും ഉത്തേജക മരുന്നും ഉള്‍പ്പെടെയുള്ള ഔഷധങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും വ്യക്തമായതിനെ തുടര്‍ന്നാണ് രാജ്യവ്യാപകമായി നിയമം നടപ്പാക്കുന്നത്.

മയക്കുമരുന്നിന് അടിമകളായവരും സാമൂഹികവിരുദ്ധരും ഇത്തരത്തില്‍ മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് 2018 ആദ്യത്തില്‍ രാജ്യം മൊത്തം ബാധകമാകുന്ന നിയമം അവതരിപ്പിക്കുന്നത്. ഔഷധകുറിപ്പുമായി തിരിച്ചറിയല്‍ കാര്‍ഡ് ബന്ധിപ്പിക്കുന്ന സംവിധാനമാണ് ഇതിനായി തയാറാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x