Currency

പ്രവാസികള്‍ക്ക് തിരിച്ചടിയായി സൗദിയില്‍ വിസാ കാലാവധി വെട്ടിക്കുറച്ചു; തൊഴില്‍ വിസ ഇനി ഒരു വര്‍ഷത്തേക്ക്

സ്വന്തം ലേഖകന്‍Friday, October 6, 2017 12:36 pm

 

റിയാദ്: സൗദിയില്‍ തൊഴില്‍ വിസ കാലാവധി വെട്ടിക്കുറച്ചു. വിസ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമാക്കിയാണ് കുറച്ചിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലും വീട്ടുവേലക്കാര്‍ക്കും മാത്രമാണ് ഇനി രണ്ട് വര്‍ഷത്തെ വിസ അനുവദിക്കുക. വിദേശ ജോലിക്കാരുടെ എണ്ണം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. രാജ്യത്ത് വിസ അനുവദിക്കുന്നതും കുത്തനെ കുറച്ചിട്ടുണ്ട്.

സൗദി സ്വകാര്യ മേഖലയിലേക്ക് അനുവദിക്കുന്ന തൊഴില്‍ വിസകളുടെ കാലാവധിയാണ് സാമൂഹ്യക്ഷേമ മന്ത്രാലയം ഒരു വര്‍ഷമാക്കി കുറച്ചത്. സര്‍ക്കാര്‍ വിസ, വീട്ടുവേലക്കാര്‍ക്കുള്ള വിസ എന്നിവയ്ക്ക് മാത്രമാണ് ഇനി രണ്ടു വര്‍ഷം വിസാകാലാവധി ഉണ്ടാവുക. ഇവ ഒഴിച്ചുള്ള എല്ലാ വിസയ്ക്കും കാലാവധി ഒരു വര്‍ഷമായി ചുരുക്കാന്‍ തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് അംഗീകാരം നല്‍കിയതായി മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിസ കാലാവധി വിഷയത്തില്‍ ഇതിനോട് എതിരാവുന്ന എല്ലാ നിയമങ്ങളും ദുര്‍ബലപ്പെടുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x