Currency

ഓസ്ട്രേലിയയിലെ വിദേശ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്താന്‍ പുതിയ പദ്ധതി

സ്വന്തം ലേഖകൻSaturday, October 14, 2017 8:25 pm

പുതിയ പദ്ധതി അടുത്തവര്‍ഷം ആരംഭിക്കാനാണ് ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

സിഡ്നി: രാജ്യത്തെ വിദേശ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്താന്‍ പുതിയ പദ്ധതിയുമായി ഓസ്ട്രേലിയ. ഓസ്‌ട്രേലിയയില്‍ തങ്ങളുടെ പഠനം തുടരുന്നതിന് വിദേശ വിദ്യാര്‍ഥികള്‍ ഇംഗ്ലീഷ് ഭാഷ നന്നായി മനസിലാക്കണം എന്നതിനാൽ ഇതിനായി പുതിയ പദ്ധതി അടുത്തവര്‍ഷം ആരംഭിക്കാനാണ് ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 

അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് പുതിയ ഇംഗ്ലീഷ് ഭാഷാ നിലവാരം ഏര്‍പ്പെടുത്തുമെന്നു ഫെഡറല്‍ വിദ്യാഭ്യാസ മന്ത്രി സൈമണ്‍ ബിര്‍മിംഗ്ഹാം വ്യക്തമാക്കി. വിദേശ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അളക്കുന്നതിന് ഇംഗ്ലീഷ് ലാംഗേജ് ഇന്റന്‍സീവ് കോഴ്‌സസ് ഫോര്‍ ഓവര്‍സീസ് സ്റ്റുഡന്റ്‌സ് നിര്‍ബന്ധമാക്കും. ഇതിനുശേഷമാകും മൂന്നാം കോഴ്‌സിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുക.

യൂണിവേഴ്‌സിറ്റി പഠനങ്ങള്‍ക്കു മാത്രമല്ല, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലന കോഴ്‌സുകള്‍ക്കും ഭാഷാ നിലവാരം നിര്‍ബന്ധമാക്കും. വിദേശവിദ്യാര്‍ഥികള്‍ക്കുള്ള എല്ലാ ഇംഗ്ലീഷ് ഭാഷാ ഇന്റന്‍സീവ് കോഴ്‌സുകള്‍ക്കും ആഴ്ചയില്‍ 20 മണിക്കൂര്‍ നേരിട്ടുള്ള പഠനവും അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:18 എന്നതുമായിരിക്കും.

വ്യക്തമായ മാനദണ്ഡമില്ലാതെ ഒരു ഇംഗ്ലീഷ് ഭാഷാ കോഴ്‌സ് പാസായശേഷം വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് അവര്‍ ആഗ്രഹിക്കുന്ന കോഴ്‌സില്‍ പ്രവേശനം നൽകുന്നതാണു നിലവിലെ രീതി.ഓസ്‌ട്രേലിയയില്‍ ഒന്നര ലക്ഷത്തിലധികം വിദേശവിദ്യാര്‍ഥികള്‍ ഇംഗ്ലീഷ് ഭാഷാ പഠനത്തിന് കഴിഞ്ഞവര്‍ഷമുണ്ടായിരുന്നു. ഇവരില്‍ മൂന്നില്‍ രണ്ടു ശതമാനവും വിദ്യാര്‍ഥി വിസയില്‍ എത്തിയവരാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x