
ദുബായ്: യുഎഇ ഫുഡ് ബാങ്കിന്റെ രണ്ടാമത്തെ കേന്ദ്രം തുറന്നു. കനേഡിയന്‍ യൂണിവേഴ്സിറ്റിയുടെ സമീപമുള്ള അല്‍ ബദാ മേഖലയിലാണ് ശാഖ തുറന്നത്. ഭക്ഷണം പാഴാകുന്നത് ഒഴിവാക്കാനും അര്‍ഹരായ എല്ലാവര്ക്കും ആഹാരമെത്തിക്കാനുമുള്ള ബൃഹദ്സംരംഭമാണിത്. ഈസാ സാലിഹ് അല്‍ ഗുര്‍ഗ് ചാരിറ്റി ഫൗണ്ടേഷന്റെ രക്ഷാകര്‍തൃത്വത്തിലാണ് ഫുഡ്ബാങ്കിന്റെ പ്രവര്‍ത്തനം. മൂന്നു കാരുണ്യ സംഘടനകളും 13 ഭക്ഷ്യോല്പന്ന കമ്പനികളും ഫൗണ്ടേഷനുമായി സഹകരിക്കുന്നുണ്ട്.
അധികംവരുന്ന ഭക്ഷണ- പാനീയങ്ങളുടെ നിലവാരം ഉറപ്പുവരുത്തി രാജ്യത്തിനകത്തും പുറത്തുമുള്ള അര്‍ഹരായവര്‍ക്ക് എത്തിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ഹോട്ടലുകള്‍, കൃഷിയിടങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഭക്ഷ്യോല്പന്ന ഫാക്ടറികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന വന്‍ ശൃംഖലയാണു ഫുഡ്ബാങ്ക്. വിവിധ മേഖലകളില്‍ നിന്നുള്ള നൂറുകണക്കിനു വൊളന്റിയര്‍മാരും ഇതിന്റെ ഭാഗമായി പ്രവര്‍ത്തനത്തിനുണ്ട്. ആരോഗ്യമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് അധികൃതരുടെ മേല്‍നോട്ടത്തില്‍ ഏറ്റവും ശാസ്ത്രീയമായിട്ടാകും വിതരണം.
സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും വ്യക്തികളെയും പങ്കാളികളാക്കിയുള്ള ഈ കാരുണ്യ പദ്ധതിക്കു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പത്നിയുമായ ഷെയ്ഖ ഹിന്ദ് ബിന്ത് മക്തൂം ബിന്‍ ജുമാ അല്‍ മക്തൂമാണു രൂപം നല്‍കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.