Currency

ദുബായില്‍ ഉല്ലാസക്കാഴ്ചകള്‍ സമ്മാനിക്കാന്‍ മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ഐസ് പാര്‍ക്ക് ഒരുങ്ങി

സ്വന്തം ലേഖകന്‍Friday, October 20, 2017 7:44 am

 

ദുബായ്: എന്നും അതിശയിപ്പിക്കുന്ന ദുബായ് നഗരത്തില്‍ ഇനി മുതല്‍ മഞ്ഞുകാലം. നിരവധി കൗതുകങ്ങളും ഉല്ലാസക്കാഴ്ചകളും സമ്മാനിച്ച് മരുഭൂമിയിലെ മഹാനഗരത്തില്‍ മഞ്ഞില്‍ തീര്‍ത്ത ഐസ് പാര്‍ക്ക് ഒരുങ്ങിക്കഴിഞ്ഞു. മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ പാര്‍ക്ക് ആണ് ‘ദിനോസറുടെ’ വിഹാരകേന്ദ്രം കൂടിയായ ദുബായ് ഗാര്‍ഡന്‍ ഗ്ലോയില്‍ തുറന്നത്.

Garden-Glow

60 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന സബീല്‍ പാര്‍ക്കില്‍ ഒരുക്കിയ ദുബായ് ഗാര്‍ഡന്‍ ഗ്ലോയിലെ മൂന്നാമത്തെ സീസണില്‍ സന്ദര്‍ശകര്‍ക്കുള്ള സമ്മാനമാണ് ഐസ് പാര്‍ക്ക്. രണ്ടാമത്തെ സീസണില്‍ ദിനോസര്‍ പാര്‍ക്ക് ആയിരുന്നു. സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ‘ഹിമക്കരടികള്‍’ മുതല്‍ ‘ചെമ്മരിയാടുകള്‍’ വരെ ഐസ് പാര്‍ക്കിനോടനുബന്ധിച്ചു കാത്തിരിക്കുന്നു. അകത്തുകയറിയാല്‍ കൂറ്റന്‍ മഞ്ഞുപാളികളില്‍ സജ്ജമാക്കിയ ബുര്‍ജ് ഖലീഫ, ബുര്‍ജ് അല്‍ അറബ്, എമിറേറ്റ്സ് ടവേഴ്സ്, ദുബായ് വിമാനത്താവളം, ഷെയ്ഖ് സായിദ് പള്ളി തുടങ്ങിയ വിസ്മയക്കാഴ്ചകള്‍.

ആഗോള താപനത്തിനെതിരായ സന്ദേശം കൂടിയാണ് മൈനസ് എട്ടു ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ക്രമീകരിച്ചിട്ടുള്ള അത്യപൂര്‍വമായ ഈ നിര്‍മിതി. സന്ദര്‍ശകര്‍ക്കു ജാക്കറ്റും തൊപ്പിയും നല്‍കും. പാര്‍ക്ക് സജ്ജമാക്കാന്‍ അഞ്ചു ടണ്‍ ക്രിസ്റ്റല്‍ ഐസ് ഉപയോഗിച്ചു. 20 ലക്ഷം ദിര്‍ഹം ചെലവഴിച്ചാണു പദ്ധതി പൂര്‍ത്തിയാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 150 കലാകാരന്മാര്‍ ചേര്‍ന്ന് ഏറ്റവും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് രണ്ടുമാസം കൊണ്ടു നിര്‍മിച്ച പാര്‍ക്ക് ലോകത്തു തന്നെ അപൂര്‍വമാണ്. ഐസ് പാര്‍ക്കില്‍ പ്രവേശനത്തിനു 40 ദിര്‍ഹമാണു ഫീസ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x