Currency

പതിനാറുകാരിയായ ഇന്ത്യന്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറി; ഇന്ത്യക്കാരനായ സെയില്‍സ്മാന് തടവുശിക്ഷ

സ്വന്തം ലേഖകന്‍Tuesday, October 24, 2017 7:33 am

ബര്‍ദുബായിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. 41കാരനായ ഇയാളുടെ അപ്പീല്‍ തള്ളിയ ശേഷമാണ് കോടതി ശിക്ഷവിധിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് സംഭവം നടന്നത്.

 

ദുബായ്: പതിനാറുകാരിയായ ഇന്ത്യന്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ഇന്ത്യക്കാരനായ സെയില്‍സ്മാന് മൂന്നുമാസം തടവുശിക്ഷ. ബര്‍ദുബായിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. 41കാരനായ ഇയാളുടെ അപ്പീല്‍ തള്ളിയ ശേഷമാണ് കോടതി ശിക്ഷവിധിച്ചത്.

കഴിഞ്ഞ ഡിസംബറിലാണ് സംഭവം നടന്നത്. പെണ്‍കുട്ടി ഹൈപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നപ്പോള്‍ 41കാരനായ സെയില്‍സ്മാന്‍ ഒരിക്കല്‍ നേരെ വന്ന് ദേഹത്ത് മുട്ടുകയും ഉടന്‍ തന്നെ ക്ഷമ ചോദിക്കുകയും ചെയ്തു. അബദ്ധവശാല്‍ തട്ടിപ്പോയതാണെന്നാണ് പെണ്‍കുട്ടി വിചാരിച്ചത്. എന്നാല്‍ സാധനങ്ങള്‍ പരിശോധിച്ചുകൊണ്ടിരുന്നപ്പോള്‍ ഇയാള്‍ വീണ്ടും വരികയും ശരീരത്തില്‍ അനാവശ്യമായി തൊടുകയും ചെയ്തു. എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് ക്ഷമ ചോദിക്കുകയും ചെയ്തു.

ഇതോടെ പെണ്‍കുട്ടി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നു പുറത്തുപോകുകയും ഗ്ലാസിലൂടെ നോക്കിയപ്പോള്‍ ഈ സെയില്‍സ്മാന്‍ പെണ്‍കുട്ടിയെ നോക്കി ചിരിക്കുകയായിരുന്നുവെന്നാണ് മൊഴി. തിരികെ വന്ന പെണ്‍കുട്ടി സെയില്‍സ്മാനുമായി വഴക്കിട്ടു. തുടര്‍ന്ന് തന്റെ പിതാവിനോട് സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി.

മേയ് മാസത്തില്‍ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കേസ് പരിഗണിക്കുകയും സെയില്‍സ്മാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പ്രതി ഉന്നതകോടതിയില്‍ അപ്പീല്‍ നല്‍കുകയും കോടതി അത് തള്ളുകയും പ്രതിയായ സെയില്‍സ്മാനെ മൂന്നു മാസം ജയില്‍ ശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x