Currency

ദുബായില്‍ കാണികള്‍ക്ക് നവ്യാനുഭമായി 1246 പേര്‍ അണിനിരന്ന മെഗാ തിരുവാതിര, വീഡിയോ

സ്വന്തം ലേഖകന്‍Monday, October 30, 2017 12:49 pm
Play

ദുബായ് ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിലാണ് പരിപാടി നടന്നത്. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുത്ത തിരുവാതിരയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു പങ്കെടുത്തരില്‍ അധികവും.

ദുബായ്: ദുബായില്‍ കാണികള്‍ക്ക് നവ്യാനുഭമായി ഒരേ വേദിയില്‍ 1246 സുന്ദരികളെ അണിനിരത്തി കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളിലൊന്നായ തിരുവാതിരകളി. ദുബായ് ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിലാണ് പരിപാടി നടന്നത്. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുത്ത തിരുവാതിരയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു പങ്കെടുത്തരില്‍ അധികവും.

പരമ്പരാഗത വേഷമായ സെറ്റ് സാരിയും ഓറഞ്ച് നിറത്തിലുള്ള ബ്ലൗസുമണിഞ്ഞ്, ആടയാഭരണങ്ങള്‍ ധരിച്ച സുന്ദരികള്‍ 22 മിനിറ്റോളം നീണ്ടുനിന്നതായിരുന്നു തിരുവാതിരകളി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വനിതകള്‍ സംഘത്തില്‍ അണിചേര്‍ന്നു. ചലച്ചിത്ര നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ നേതൃത്വത്തില്‍ ഒന്നര മാസത്തോളം നടത്തിയ കഠിന പരീശീലനത്തിന് ശുഭപര്യവസാനമായിരുന്നു ദുബായിലെ മെഗാ തിരുവാതിര.

thiruvathiraa0

അഞ്ച് കൃത്രിമ ഗജവീരന്മാര്‍ അണിനിരന്ന പഞ്ചവാദ്യ മേളവും കുടമാറ്റവും കൂടിയായപ്പോള്‍ തൃശൂര്‍ പൂരത്തിന്റെ പ്രതീതിയുണര്‍ന്നു. കൊമ്പ് പറ്റ്, കുഴല്‍പറ്റ്, പഞ്ചവാദ്യം എന്നിവയ്ക്ക് തിമില കലാകാരന്‍ ചോറ്റാനിക്കര വിജയന്‍ മാരാര്‍, മദ്ദള വിദഗ്ധന്‍ കുനിശ്ശേരി ചന്ദ്രന്‍, വൈക്കം ചന്ദ്രശേഖരന്‍ മാരാര്‍, പല്ലാവൂര്‍ ശ്രീധരന്‍ മാരാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കിഴക്കൂട്ട് അനിയന്‍ മാരാരും നൂറോളം കലാകാരന്മാരും അണിനിരന്ന പാണ്ടിമേളവും ഉണ്ടായിരുന്നു.

ക്രിസ്റ്റല്‍ ടോപ് ഇവന്റ്സ്, കനോപി സെക്യുരിറ്റി സര്‍വീസസ് എന്നിവരായിരുന്നു സംഘാടകര്‍. ഇന്ത്യക്ക് പുറത്ത് ഏറ്റവുമധികം പേര്‍ പങ്കെടുക്കുന്ന നൃത്ത രൂപം എന്ന നിലയില്‍ മെഗാ തിരുവാതിര ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x