Currency

ദുബായ് നിരത്തുകളിലേക്ക് 554 ഹൈബ്രിഡ് ടാക്‌സികള്‍ വരുന്നു

സ്വന്തം ലേഖകന്‍Tuesday, October 31, 2017 7:29 am

ഇന്ധന ഉപയോഗം 33% വരെ കുറയ്ക്കാന്‍ കഴിയുന്ന വാഹനങ്ങളാണിത്. 2008ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഹൈബ്രിഡ് വാഹനങ്ങള്‍ ദുബായിയുടെ സാഹചര്യങ്ങള്‍ക്ക് ഏറ്റവും ഇണങ്ങിയതാണെന്നു വ്യക്തമായിരുന്നു.

ദുബായ്: ദുബായ് നിരത്തുകളിലേക്ക് 554 ഹൈബ്രിഡ് ടാക്‌സികള്‍ കൂടി വരുന്നു. കുറഞ്ഞ ചെലവില്‍ ഓടുന്ന പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ഹൈബ്രിഡ് ടൊയോട്ട കാംറി കാറുകളാണ് ദുബായ് ടാക്‌സി കോര്‍പറേഷന്‍ (ഡിടിസി) സ്വന്തമാക്കിയത്. ഫെസ്റ്റിവല്‍ സിറ്റിയില്‍ നടന്ന ചടങ്ങില്‍ ആര്‍ടിഎയ്ക്ക് അല്‍ ഫുത്തൈം മോട്ടോഴ്‌സ് വാഹനങ്ങള്‍ കൈമാറി.

ഇന്ധന ഉപയോഗം 33% വരെ കുറയ്ക്കാന്‍ കഴിയുന്ന വാഹനങ്ങളാണിത്. 2008ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഹൈബ്രിഡ് വാഹനങ്ങള്‍ ദുബായിയുടെ സാഹചര്യങ്ങള്‍ക്ക് ഏറ്റവും ഇണങ്ങിയതാണെന്നു വ്യക്തമായിരുന്നു. ഇതോടെ വിവിധ ഘട്ടങ്ങളിലായി ഇത്തരം വാഹനങ്ങളുടെ എണ്ണം കൂട്ടുകയായിരുന്നു. പെട്രോളും വൈദ്യുതിയും ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഹൈടെക് വാഹനങ്ങള്‍ നിരത്തുകളില്‍ ആധിപത്യമുറപ്പിക്കുന്നതോടെ ഹരിതലക്ഷ്യത്തിലേക്കുള്ള ദുബായിയുടെ മുന്നേറ്റം അതിവേഗത്തിലാകും.

അറ്റകുറ്റപ്പണികള്‍ ഇല്ലാതെ 5.5 ലക്ഷം കിലോമീറ്റര്‍ വിജയകരമായി ഓടി ഇവ മികവു തെളിയിച്ചുകഴിഞ്ഞു. 2021 ആകുമ്പോഴേക്കും 50% ടാക്സികളും ഹൈബ്രിഡ് ആക്കുകയാണ് ലക്ഷ്യം. കാര്‍ബണ്‍ മലിനീകരണത്തോത് ഗണ്യമായി കുറയ്ക്കാനുള്ള പദ്ധതികളുടെ ഭാഗമായാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x